ന്യൂഡൽഹി: ബ്രിട്ടണിൽ ഇന്ത്യൻ വിദ്യാർഥിക്കെതിരെ നടന്ന വംശീയ ആരോപണങ്ങളിൽ ആവശ്യമുള്ള സാഹചര്യത്തിൽ ഇന്ത്യ ഇടപെടുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ രാജ്യസഭയിൽ പറഞ്ഞു. മഹാത്മ ഗാന്ധിയുടെ നാടായ ഇന്ത്യക്ക് വർഗീയതയിൽ നിന്ന് കണ്ണ് തിരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യൻ വംശജയായ രശ്മി സമന്തിനെ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി സ്റ്റുഡന്‍റസ് യൂണിയൻ പ്രസിഡന്‍റ് സ്ഥാനം രാജിവയ്ക്കാൻ പ്രേരിപ്പിച്ച വംശീയതയെയും സൈബർ ഭീഷണിയെയും കുറിച്ച് ബിജെപി എംപി ഉന്നയിച്ച ആശങ്കകൾക്കാണ് മന്ത്രിയുടെ മറുപടി. യുകെയിൽ നടന്ന വിഷയം ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ആവശ്യമുള്ള സാഹചര്യത്തിൽ ഇന്ത്യ വിഷയത്തിൽ ഇടപെടുമെന്നും മന്ത്രി രാജ്യസഭയിൽ പറഞ്ഞു.
" സഭയുടെ വികാരങ്ങൾ മാനിക്കുന്നു. മഹാത്മാഗാന്ധിയുടെ നാടെന്ന നിലയിൽ, വർഗ്ഗീയത എവിടെയായിരുന്നാലും അതിനെതിരെ കണ്ണുകൾ തിരിക്കാൻ കഴിയില്ല. പ്രത്യേകിച്ചും, അത്രയും വലിയ പ്രവാസികളുള്ള ഒരു രാജ്യത്ത് ആയിരിക്കുമ്പോൾ," അദ്ദേഹം പറഞ്ഞു.
ഓക്സ്ഫഡ് സർവകലാശാല വിദ്യാർഥി യൂണിയൻ പ്രസിഡന്‍റായി വൻ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ട ഉഡുപ്പി സ്വദേശി രശ്മി സാമന്ത് വിവാദങ്ങളെ തുടർന്ന് രാജിവച്ചിരുന്നു. സമൂഹമാധ്യമങ്ങളിലെ രശ്മിയുടെ ചില പഴയ പോസ്റ്റുകളിൽ വംശീയതയും സഹിഷ്ണുതയില്ലായ്മയും ഉണ്ടെന്ന ആരോപണത്തെ തുടർന്നായിരുന്നു രാജി. ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയുടെ ചരിത്രത്തിലെ ആദ്യ ഇന്ത്യക്കാരിയായ പ്രസിഡന്‍റ് ആയിരുന്നു 22കാരിയായ രശ്മി.
സാമന്തിനെതിരെ വൻ സൈബർ ഭീഷണിയാണ് ഉണ്ടാകുന്നതെന്നും സാമന്തിന്‍റെ മാതാപിതാക്കളുടെ ഹിന്ദു മതവിശ്വാസത്തെ ഒരു അധ്യാപകൻ പരസ്യമായി അധിക്ഷേപിച്ചെന്നും ബിജെപി എംപി അശ്വിനി വൈഷ്ണവ് സഭയിൽ പറഞ്ഞു. “യുകെയുടെ സുഹൃത്ത് എന്ന നിലയിൽ, രാജ്യത്തെ അപകീർത്തിപ്പെടുത്താൻ ഇന്ത്യ ആഗ്രഹിക്കുന്നില്ല. യുകെയുമായി ഇന്ത്യക്ക് ശക്തമായ ബന്ധമുണ്ട്. ആവശ്യമുള്ളപ്പോൾ വിഷയത്തിൽ ഇടപെടും", വിദേശകാര്യമന്ത്രി പറഞ്ഞു.
"ഈ വിഷയം വളരെ സൂക്ഷ്മമായി നിരീക്ഷിക്കും. ആവശ്യമുള്ളപ്പോൾ ഞങ്ങൾ യുകെയെ അറിയിക്കും. വംശീയതയ്‌ക്കും മറ്റ് അസഹിഷ്ണുതകൾക്കുമെതിരായ പോരാട്ടത്തിൽ നമ്മൾ എല്ലായ്പ്പോഴും വിജയിച്ചിട്ടുണ്ട്," അദ്ദേഹം കൂട്ടിച്ചേർത്തു.