ജനീവ: കൊവിഡിനെതിരെയുള്ള പോരാട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്കും പൊതുജനങ്ങൾക്കും സഹായകരമായി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ)യുടെ രണ്ട് മൊബൈൽ ആപ്ലിക്കേഷനുകൾ. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള നിർദേശങ്ങളും പരിശീലവുമുൾപ്പെടുത്തിയാണ് ആരോഗ്യ പ്രവർത്തകർക്ക് വേണ്ടിയുള്ള പ്രത്യേക ആപ്പ് വികസിപ്പിച്ചിരിക്കുന്നത്. പൊതുജനങ്ങൾക്ക് കൊവിഡിനെ സംബന്ധിച്ച വിവരങ്ങൾ ലഭ്യമാകുന്ന 'ഡബ്ല്യുഎച്ച്ഒ ഇൻഫോ' എന്ന മറ്റൊരു മൊബൈൽ ആപ്ലിക്കേഷനും ഡബ്ല്യുഎച്ച്ഒ തയ്യാറാക്കിയിട്ടുണ്ട്.
'ഡബ്ല്യുഎച്ച്ഒ അക്കാദമി' ആപ്പിലൂടെ വൈറസിനെ സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങൾ, രോഗികളെ പരിചരിക്കുമ്പോൾ സ്വീകരിക്കേണ്ട നടപടികൾ, മാർഗനിർദേശങ്ങൾ, ഉപകരണങ്ങൾ, ഓൺലൈൻ വഴിയുള്ള വർക്ക്‌ഷോപ്പുകൾ തുടങ്ങി ആഗോളതലത്തിലുള്ള വിവരങ്ങൾ ആരോഗ്യപ്രവർത്തകർക്ക് ലഭിക്കും. ലോകമെമ്പാടുമുള്ള 20,000 ആരോഗ്യ പ്രവർത്തകരുടെ സർവേ അടിസ്ഥാനമാക്കിയാണ് ഈ ആപ്ലിക്കേഷൻ നിർമിച്ചിരിക്കുന്നതും. വൈറസിനെതിരെയുള്ള മരുന്നുകളും വാക്‌സിനുകളും കണ്ടുപിടിക്കാൻ ലോകാരോഗ്യ സംഘടന സംഘടിപ്പിക്കുന്ന പ്രവർത്തനങ്ങളും ഡബ്ല്യുഎച്ച്ഒ അക്കാദമി ആപ്ലിക്കേഷനിലൂടെ അറിയാൻ സാധിക്കും.
കൊവിഡ് പ്രതിരോധ നടപടികളും സുരക്ഷാമാർഗങ്ങളും മഹാമാരിയെ സംബന്ധിച്ച കേസുകളും ഏറ്റവും പുതിയ വിവരങ്ങളും ഡബ്ല്യുഎച്ച്ഒ ഇൻഫോയിലൂടെ പൊതുജനങ്ങളിലുമെത്തും. ലോകമെമ്പാടുമുള്ള ജങ്ങൾക്കായി തയ്യാറാക്കിയ ഡബ്ല്യുഎച്ച്ഒ ഇൻഫോ ആപ്പും ആരോഗ്യുപ്രവർത്തകർക്ക് സഹായകമാകുന്ന ഡബ്ല്യുഎച്ച്ഒ അക്കാദമി ആപ്പും ആപ്പിൾ സ്റ്റോറിലൂടെയും ഗൂഗിൾ പ്ലേ സ്റ്റോറിലൂടെയും സൗജന്യമായി ഡൗൺലോഡ് ചെയ്യാം.