ലവീവ് : റഷ്യൻ അധിനിവേശത്തിന് ശേഷം രാജ്യത്ത് ആകെ 112 കുട്ടികൾ കൊല്ലപ്പെട്ടതായും 140ൽ അധികം കുട്ടികൾക്ക് പരിക്കേറ്റതായും യുക്രൈനിലെ പ്രോസിക്യൂട്ടര്‍ ജനറലിന്‍റെ ഓഫിസ്. യുദ്ധം ആരംഭിച്ചത് മുതൽ ഏകദേശം 1.5 ദശലക്ഷത്തിലധികം കുട്ടികൾ രാജ്യത്തുനിന്ന് പലായനം ചെയ്‌തതായും ഓഫിസ് വ്യക്‌തമാക്കി.
ഏകദേശം 3.2 ദശലക്ഷം പേർ യുക്രൈൻ വിട്ട് മറ്റ് രാജ്യങ്ങളിലേക്ക് പലായനം ചെയ്‌തതായാണ് യുഎന്നിന്‍റെ കണക്ക്. പോളണ്ട്, ഹംഗറി, സ്ലൊവാക്യ, മോൾഡോവ, റൊമേനിയ എന്നിവിടങ്ങളിലേക്കാണ് ഭൂരിഭാഗം കുടുംബങ്ങളും പലായനം ചെയ്‌തിട്ടുള്ളത്. കൂടാതെ ഏകദേശം 6.5 ദശലക്ഷം പേര്‍ യുക്രൈനിലെ തന്നെ പലസ്ഥലങ്ങളിലേക്കായി പലായനം ചെയ്‌തിട്ടുണ്ടെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.
യുക്രൈനുമേൽ കനത്ത ആക്രമണമാണ് റഷ്യ തുടർന്നുകൊണ്ടിരിക്കുന്നത്. പടിഞ്ഞാറൻ നഗരമായ ലെവീവിന്‍റെ പ്രാന്തപ്രദേശത്ത് റഷ്യ കനത്ത ആക്രമണം നടത്തിയതായി റിപ്പോർട്ടുകളുണ്ട്. അതേസമയം കഴിഞ്ഞ ദിവസം റഷ്യയുടെ വ്യോമാക്രമണത്തിൽ തകർന്ന മരിയുപോളിലെ തിയേറ്ററിൽ നിന്ന് 130 പേരെ രക്ഷപ്പെടുത്തി. ഇപ്പോഴും നൂറിലധികം പേർ തിയേറ്ററിനുള്ളിൽ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് വിവരം.
ALSO READ: റഷ്യ അർഥവത്തായ ചർച്ചയ്ക്ക് തയാറാകണം: സെലെൻസ്‌കി
അതേസമയം രാജ്യത്തിന്‍റെ മധ്യഭാഗത്തും തെക്കുകിഴക്കുമുള്ള നഗരങ്ങളിലേക്ക് സാധനങ്ങൾ എത്തിക്കുന്നത് റഷ്യക്കാർ തടയുകയാണെന്ന് യുക്രൈൻ പ്രസിഡന്‍റ് വ്ലാഡിമിർ സെലൻസ്‌കി ആരോപിച്ചു. ഇത് തികച്ചും ആസൂത്രിതമായ തന്ത്രമാണ്. മറ്റൊരു മാനുഷിക ദുരന്തം സൃഷ്ടിക്കാനാണ് റഷ്യയുടെ ശ്രമം.
യുദ്ധത്തിലെ നാശനഷ്‌ടത്തിന്‍റെ വ്യാപ്‌തി വർധിക്കാതിരിക്കാൻ സമാധാന ചർച്ചകൾ മോസ്‌കോ ഗൗരവമായി കാണേണ്ട സമയമായി. റഷ്യ ഇനിയും ചർച്ചകളെ ഗൗരവമായി കണ്ടില്ലെങ്കിൽ യുദ്ധസമയത്ത് ഉണ്ടായ നാശനഷ്‌ടങ്ങളിൽ നിന്ന് കരകയറാൻ തലമുറകൾ വേണ്ടിവരുമെന്നും സെലന്‍സ്‌കി കൂട്ടിച്ചേർത്തു.