കീവ് : യുക്രൈനിൽ യുദ്ധം മൂലമുണ്ടായ നാശനഷ്‌ടങ്ങളുടെയും പൊലിഞ്ഞുപോയ നിരവധി ജീവനുകളുടെയും കണക്കുകൾ നിരത്തി റഷ്യയെ കുറ്റപ്പെടുത്തുമ്പോഴും, രാജ്യത്തെ നിലവിലെ സാഹചര്യത്തിന് പാശ്ചാത്യ രാജ്യങ്ങളും ഉത്തരവാദികളാണെന്ന് പ്രസിഡന്‍റ് വ്‌ളാദിമിര്‍ സെലൻസ്‌കി. ചൊവ്വാഴ്‌ച ബ്രിട്ടീഷ് പാർലമെന്‍റിനെ അഭിസംബോധന ചെയ്‌തുകൊണ്ടായിരുന്നു സെലൻസ്‌കിയുടെ ആരോപണം. മറ്റൊരു രാജ്യത്ത് നിന്ന് വെസ്റ്റ്‌മിനിസ്റ്റർ ചേംബറിനെ അഭിസംബോധന ചെയ്യുന്ന ആദ്യത്തെ പ്രസിഡന്‍റ് കൂടിയാണ് സെലൻസ്‌കി.
രാജ്യത്തെ കൊലപാതകങ്ങൾക്ക് പിന്നിൽ റഷ്യയാണെങ്കിലും, കഴിഞ്ഞ 13 ദിവസങ്ങളായി തന്‍റെ ഫോൺ കോളുകൾക്ക് പ്രതികരിക്കാത്ത പാശ്ചാത്യ രാജ്യങ്ങളിലെ പ്രതിനിധികളും നിലവിലെ സാഹചര്യത്തിന് ഉത്തരവാദികളാണ്. തങ്ങളുടെ രാജ്യത്തെ ബോംബുകളിൽ നിന്നും മിസൈലുകളിൽ നിന്നും രക്ഷിക്കാൻ അവർക്ക് കഴിയുമായിരുന്നെങ്കിൽ പോലും അവരതിന് മുതിർന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
ALSO READ: "ഞാൻ കീവിൽ തന്നെ, എനിക്കാരെയും പേടിയില്ല": വീഡിയോ സന്ദേശത്തിൽ സെലെൻസ്‌കി
രക്ഷാദൗത്യത്തിനായുള്ള വാഹനങ്ങളിൽ റെഡ് ക്രോസ് ചിഹ്നം ഉപയോഗിക്കുന്നതിൽ നിന്നും യുക്രൈൻ വിലക്കപ്പെട്ടിട്ടുണ്ടെന്ന് സെലൻസ്‌കി പറഞ്ഞു.'ലോകം മാറി നിൽക്കുകയാണെങ്കിൽ ഞാന്‍ എന്നെന്നേക്കുമായി പരാജയപ്പെടും. കാരണം ഞങ്ങൾക്ക് ചില നിരുപാധിക മൂല്യങ്ങളുണ്ട്. അവയിൽ ആദ്യത്തേത് ജീവിക്കാനുള്ള അവകാശമാണ്. അതിനുവേണ്ടിയാണ് യുക്രൈൻ ജനത പോരാടുന്നത്. അതിനുവേണ്ടി തന്നെയാണ് ലോകത്തിന്‍റെ സംരക്ഷണം ആവശ്യപ്പെടുന്നതും' - സെലൻസ്‌കി പറഞ്ഞു.