ലണ്ടൻ: ഇന്ത്യയിലെ കൊവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ സഹായവുമായി യുകെ. 600ഓളം ആരോഗ്യ ഉപകരണങ്ങൾ ഇന്ത്യയിലേക്ക് അയച്ചുവെന്ന് യുകെ ഭരണകൂടം അറിയിച്ചു. വിദേശ, കോമൺവെൽത്ത് ആന്‍റ് ഡെവലപ്‌മെന്‍റ് ഓഫീസ് തുടങ്ങിയവയുടെ സഹായത്തോടെ വെന്‍റിലേറ്ററുകൾ, ഓക്‌സിജൻ കോൺസൻട്രേഷൻ അടക്കമുള്ള മെഡിക്കൽ സൗകര്യങ്ങളാണ് ഇന്ത്യയിലേക്ക് അയക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിലായി ഇന്ത്യയിലെ കൊവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. പല സംസ്ഥാനങ്ങളിലും ഓക്‌സിജന്‍റെ അഭാവത്തെ തുടർന്ന് നിരവധി മരണം റിപ്പോർട്ട് ചെയ്‌തിരുന്നു. ആദ്യത്തെ പാക്കേജ് ഇതിനകം അയച്ചുവെന്നും നാളെ ഇന്ത്യയിലെത്തുമെന്നുമാണ് റിപ്പോർട്ടുകൾ. ആഴ്‌ചയുടെ അവസാനത്തോടെ അടുത്ത ഷിപ്‌മെന്‍റ് നടക്കുമെന്നും അധികൃതർ വ്യക്തമാക്കി. തുടർന്നുള്ള ദിവസങ്ങളിലും യുകെ സർക്കാർ ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കുമെന്നാണ് റിപ്പോർട്ടുകൾ.
ഒരു സുഹൃത്തായി ഇന്ത്യക്കൊപ്പം യുകെ എപ്പോഴും ഉണ്ടാകുമെന്നും ഇന്ത്യയുടെ നിലവിലെ സാഹചര്യത്തിൽ ആശങ്കയുണ്ടെന്നും യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. കൊവിഡിനെതിരെയുള്ള പോരാട്ടത്തിൽ എല്ലാ ലോകരാഷ്‌ട്രങ്ങളും ഒരുമിച്ച് നിൽക്കണമെന്നും ഇന്ത്യ യുകെയുടെ മികച്ച പങ്കാളിയാണെന്നും യുകെ വിദേശകാര്യമന്ത്രി ഡൊമിനിക് റാബ് പറഞ്ഞു.