ലണ്ടൻ: ലോക്ക് ഡൗൺ നിയമങ്ങൾ ലംഘിച്ചുവെന്ന ആരോപണം നേരിടുന്ന ഡൊമിനിക് കമ്മിങ്ങ്‌സിനെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് ബ്രിട്ടീഷ് മന്ത്രി രാജി വച്ചു. സ്കോട്ട്ലൻഡ് അണ്ടർ സ്റ്റേറ്റ് സെക്രട്ടറി ഡഗ്ലസ് റോസാണ് താനുൾപ്പെടുന്ന ഗവൺമെന്‍റിൽ വിശ്വാസം ഇല്ലെന്ന പേരിൽ രാജി സമർപ്പിച്ചത്. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്‍റെ രാഷ്ട്രീയ ഉപദേഷ്ടാവ് ഡൊമിനിക് കമ്മിങ്ങ്‌സ്, കൊവിഡ് ജാഗ്രതാ നിർദേശങ്ങൾ പാലിക്കാതെ ലണ്ടനിൽനിന്നും യാത്ര ചെയ്‌ത് ഡറമിലെ മാതാപിതാക്കളുടെ അടുത്തെത്തിയെന്നാണ് ആരോപണം. കൊവിഡ് ലക്ഷണങ്ങൾ ഉണ്ടായിരുന്നിട്ടും ഐസൊലേഷനിൽ കഴിയാതെ യാത്ര ചെയ്‌ത കമ്മിങ്ങ്‌സ് രാജി വക്കണമെന്ന് കൺസർവേറ്റീവ് പാർട്ടിക്കുള്ളിൽനിന്നുതന്നെ ആവശ്യമുയർന്നിരുന്നു. എന്നാൽ, അത്തരമൊരു സാഹചര്യത്തിൽ ഡൊമിനിക് കമ്മിങ്ങ്‌സിന് യാത്ര വളരെ അനിവാര്യമായിരുന്നുവെന്ന് പറഞ്ഞുകൊണ്ട് യുകെ പ്രധാനമന്ത്രി അദ്ദേഹത്തെ പിന്തുണച്ചു. ബന്ധുക്കളുടെ ആരോഗ്യത്തെ കുറിച്ച് ചിന്തിക്കാത്ത, മഹാമാരിയിൽ ആളുകൾക്ക് ജീവൻ നഷ്‌ടപ്പെടുമ്പോഴും അതിനെ നിസ്സാരമായി കാണുന്ന ഡൊമിനിക് കമ്മിങ്ങ്‌സ് വളരെ ഉചിതമായി ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പാലിച്ചുവെന്ന് ഡഗ്ലസ് റോസ് പരിഹസിച്ചു. തനിക്കും ഭാര്യക്കും വൈറസ് സാന്നിധ്യമുണ്ടെങ്കിൽ ശരിക്കും ഒരു അച്ഛൻ മകന്‍റെ സുരക്ഷക്കായി വീട്ടിൽ തന്നെ തുടരുകയായിരുന്നു വേണ്ടിയിരുന്നതെന്നും യുകെ മന്ത്രി ഡഗ്ലസ് റോസ് രാജിക്കത്തിൽ വിശദമാക്കി.
അതേ സമയം,റോസിന്‍റെ രാജിയിൽ ഖേദം പ്രകടിപ്പിച്ചുകൊണ്ട് അദ്ദേഹത്തിന്‍റെ സേവനത്തിന് ബോറിസ് ജോൺസൺ നന്ദി അറിയിച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ ദിവസം നടന്ന വാർത്താ സമ്മേളനത്തിൽ തന്‍റെ മുഖ്യ ഉപദേശകൻ മൂലം പൊതുജനങ്ങൾക്കിടയിലുണ്ടായ ആശയക്കുഴപ്പത്തിന് പ്രധാനമന്ത്രി ക്ഷമ ചോദിച്ചു. എന്നിരുന്നാലും, ഡൊമിനിക് കമ്മിങ്ങ്‌സ് നിയമവിരുദ്ധമായി ഒന്നും ചെയ്‌തിട്ടില്ല എന്ന നിലപാടിൽ തന്നെ ബോറിസ് ജോൺസൺ ഉറച്ചുനിൽക്കുകയാണ്.