ലണ്ടന്‍: ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് കൂടുതല്‍ മാരകമായോക്കാമെന്ന് യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍. വളരെ വേഗത്തില്‍ വ്യാപിക്കുന്ന വൈറസാണിത്. മരണനിരക്ക് വർധിക്കാന്‍ സാധ്യതയുണ്ടെന്നും ബോറിസ് ജോണ്‍സന്‍ പറഞ്ഞു.
ജനിതമാറ്റം വന്ന വൈറസിനെ കണ്ടെത്തിയതിന് പിന്നാലെ യുകെയില്‍ റെക്കോർഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. വെള്ളിയാഴ്ച മാത്രം 1401 പേർ മരിച്ചു . ഇതോടെ മരണ സംഖ്യ 95,981 ആയി. ഒരാഴ്ചക്കിടെ മരണനിരക്ക് 16 ശതമാനമാണ് വർധിച്ചത്. ചില പ്രായക്കാർക്ക് ജനിതകമാറ്റം വന്ന വൈറസ് 30മുതല്‍ 40 ശതമാനം വരെ മാരകമായേക്കാമെന്ന് മുതിർന്ന ശാസ്ത്രജ്ഞന്‍ പാട്രിക്ക് വല്ലന്‍സ് പറഞ്ഞു.
സെപ്തംബറിലാണ് കൊവിഡ് വൈറസിന്‍റെ ആദ്യ വകഭേദം ബ്രിട്ടനില്‍ കണ്ടെത്തിയത്. വൈറസിന്‍റെ മൂന്നാം തരംഗം ബ്രിട്ടനെ സാരമായി ബാധിച്ചിട്ടുണ്ട്. പ്രതിരോധ കുത്തിവെപ്പ് ആരംഭിച്ചതോടെ ഈ വർഷം അവസാനത്തോടെ സാധാരണ നിലയിലേക്ക് എത്തുമെന്ന പ്രതീക്ഷയിലാണ് ബ്രിട്ടന്‍.ഇതുവരെ 5.4 ദശലക്ഷം ആളുകള്‍ പ്രതിരോധ വാക്സിന്‍ സ്വീകരിച്ചു. ജനിതക മാറ്റം വന്ന വൈറസിനെ പ്രതിരോധിക്കുന്നതിന് ഈ വാക്സിനുകള്‍ ഫലപ്രദമാണെന്നും ബോറിസ് ജോണ്‍സന്‍ പറഞ്ഞു.
ഈ മാസം ആദ്യം മുതൽ ഇംഗ്ലണ്ടില്‍ ലോക്ക്ഡൗണ്‍ ഏർപ്പെടുത്തിയിരിക്കുകയാണ്. സ്കോട്ട്‌ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിൽ സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.