ലണ്ടൻ: ലണ്ടനിൽ 33,470 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. അതോടെ ആകെ രോഗബാധിതരുടെ എണ്ണം 1.3 ദശലക്ഷം ആയി. ലണ്ടനിൽ കഴിഞ്ഞ 24 മണിക്കൂറിൽ 595 മരണം റിപ്പോർട്ട് ചെയ്‌തു. യൂറോപ്പിൽ മാത്രം 50,000ത്തിലധികം ആളുകൾ രോഗം ബാധിച്ച് മരിച്ചു. ഇംഗ്ലണ്ടിൽ ഒരു മാസത്തേക്ക് ദേശീയ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. നിലവിലെ കണക്കുകൾ ആദ്യകാലത്തെ കൊവിഡ് കണക്കുമായി താരതമ്യപ്പെടുത്താനാവില്ലെന്ന് ഇംഗ്ലണ്ടിലെ നാഷണൽ ഹെൽത്ത് സർവീസിൻ്റെ മെഡിക്കൽ ഡയറക്‌ടർ പ്രൊഫസർ സ്റ്റീഫൻ പവിസ് പറഞ്ഞു.
അതേസമയം വെയിൽസിൽ പ്രഖ്യാപിച്ച 17 ദിവസത്തെ ലോക്ക് ഡൗൺ അവസാനിച്ചു. വടക്കൻ അയർലണ്ടിലെ ലോക്ക് ഡൗൺ വെള്ളിയാഴ്‌ച അവസാനിക്കും. ഡെൻമാർക്കിൽ നിന്നുള്ള യാത്രാ വിലക്കും രണ്ടാഴ്‌ചത്തേക്ക് നീട്ടി. ഡെൻമാർക്കിൽ നിന്ന് പ്രവേശനം ബ്രിട്ടീഷ് പൗരന്മാർക്കും യു.കെയിലെ താമസക്കാർക്കും മാത്രം. നവംബർ ഏഴിനാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. കോർഫു, ക്രീറ്റ്, റോഡ്‌സ്, സാകിന്തോസ്, കോസ് ദ്വീപുകളിൽ കൊവിഡ് വ്യാപനം കുറവായതിനാൽ ക്വാറൻ്റൈൻ ഒഴിവാക്കി. യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഖത്തർ, തുർക്ക്‌സ് & കൈക്കോസ് ദ്വീപുകൾ, ലാവോസ്, ഐസ്‌ലാൻ്റ്, കംബോഡിയ, ചിലി, ബഹ്‌റൈൻ എന്നീ രാജ്യങ്ങളെയും സുരക്ഷിത പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.