ലണ്ടൻ: അസ്ട്രാസെനെക്ക കൊവിഡ് വാക്‌സിൻ മനുഷ്യനിൽ ഉപയോഗിക്കാൻ യുകെ സർക്കാർ അനുമതി നൽകി. മെഡിസിൻസ് ആന്‍റ് ഹെൽത്ത് കെയർ പ്രൊഡക്‌സ് റെഗുലേറ്ററി ഏജൻസിയാണ് വാക്‌സിന് അനുമതി നൽകിയത്. രാജ്യത്തെ വിവിധ ഭാഗങ്ങളിലെ കൊവിഡ് വാക്‌സിൻ വിതരണത്തിനായി സന്നദ്ധ പ്രവർത്തകരെ യുകെയിലെ നാഷണൽ ഹെൽത്ത് സർവീസ് ഇതിനകം തയ്യാറാക്കിയിട്ടുണ്ട്.
കൊവിഡ് വാക്‌സിൻ നിർമാണത്തിൽ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുമായി സഹകരിക്കുന്ന കമ്പനിയാണ് അസ്‌ട്രാസെനക്ക. അസ്‌ട്രാസെനക്കയെ സംബന്ധിച്ച് എംഎച്ച്ആർഎ തിങ്കളാഴ്‌ചയാണ് യുകെ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചത്. ഓക്‌സ്‌ഫേർഡ് വാക്സിൻ മികച്ച നിലവാരമുള്ളതാണെന്നും രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ ഉതകുന്നതാണെന്നും യുകെയിലെ മുതിർന്ന ശാസ്ത്രജ്ഞൻ അഭിപ്രായപ്പെട്ടിരുന്നു. 100 മില്യൺ ഡോസ് കൊവിഡ് വാക്‌സിൻ ബ്രിട്ടൺ ഓര്‍ഡര്‍ നൽകിയെന്നും 40 മില്യൺ ഡോസ് വാക്‌സിന്‍ മാർച്ച് അവസാനത്തോടെ ലഭ്യമാകുമെന്നുമാണ് റിപ്പോർട്ടുകൾ.