ലണ്ടന്‍: ഡെന്‍മാര്‍ക്കില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി ബ്രിട്ടന്‍. ഡെന്‍മാര്‍ക്കിലെ ഒരിനം നീര്‍നായയായ മിങ്കുകളില്‍ കണ്ടെത്തിയ ജനിതക വ്യതിയാനമുള്ള കൊറോണ വൈറസ് 214 പേര്‍ക്ക് രോഗമുണ്ടാക്കിയതിനെ തുടര്‍ന്നാണ് നടപടി. ശനിയാഴ്‌ച പുലര്‍ച്ചെ നാല് മണി മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വരുമെന്ന് യുകെ ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി ഗ്രാന്‍റ് ഷാപ്പ്‌സ് ട്വീറ്റ് ചെയ്‌തു. രാജ്യത്തെ ജനങ്ങളുടെ സുരക്ഷയ്‌ക്കാണ് മുന്‍ഗണന നല്‍കുന്നതെന്ന് ട്വീറ്റില്‍ പറയുന്നു. പുതിയ നിര്‍ദേശമനുസരിച്ച് നിലവില്‍ ഡെന്‍മാര്‍ക്കിലുള്ള യുകെ സ്വദേശികള്‍ക്ക് തിരിച്ചെത്തി വീട്ടില്‍ 14 ദിവസത്തെ ഐസൊലേഷനില്‍ കഴിയണം. കഴിഞ്ഞ 14 ദിവസത്തിനിടെ ഡെന്‍മാര്‍ക്കില്‍ നിന്നും യുകെയിലെത്തിയവരോട് ഐസൊലേഷനില്‍ കഴിയണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.
ഡെന്‍മാര്‍ക്കിലെ നോര്‍ത്ത് ജുട്‌ലാന്‍റ് മേഖലയിലാണ് മിങ്കുകളില്‍ ജനിതക വ്യതിയാനമുള്ള കൊറോണ വൈറസിനെ സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഫാമുകള്‍ അടച്ചു പൂട്ടുകയും പ്രദേശത്ത് വിലക്കേര്‍പ്പെടുത്തുകയും ചെയ്‌തിട്ടുണ്ട്. നോര്‍ത്ത് ജുട്‌ലാന്‍റിലെ 7 മുന്‍സിപ്പാലിറ്റികളിലെ 280,000 പൗരന്മാരില്‍ പരിശോധന നടത്താനാണ് അധികൃതരുടെ തീരുമാനം. 1137 മിങ്ക് ഫാമുകളാണ് ഈ പ്രദേശത്ത് സ്ഥിതി ചെയ്യുന്നത്.