സാഹിത്യ നൊബേൽ അബ്‌ദുൽ റസാക്ക് ഗുര്‍ണയ്ക്ക് - Tanzania's Abdulrazak Gurnah news
ഗുര്‍ണയുടേത് കൊളോണിയലിസത്തിന്‍റെ ആഘാതത്തോടും അഭയാര്‍ഥികളുടെ ജീവിതവ്യഥയോടുമുള്ള വിട്ടുവീഴ്‌ചയില്ലാത്ത കാഴ്‌ചപ്പാട് മുന്‍നിര്‍ത്തിയുള്ള രചനകളെന്ന് നൊബേല്‍ കമ്മിറ്റി
സ്റ്റോക്ക്ഹോം : ഈ വർഷത്തെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ടാന്‍സാനിയന്‍ നോവലിസ്റ്റ് അബ്ദുല്‍ റസാക്ക് ഗുര്‍ണയ്ക്ക്. കൊളോണിയലിസത്തിന്‍റെ ആഘാതത്തോടും അഭയാര്‍ഥികളുടെ ജീവിതവ്യഥയോടുമുള്ള വിട്ടുവീഴ്‌ചയില്ലാത്ത കാഴ്‌ചപ്പാടുകള്‍ മുന്‍നിര്‍ത്തിയുള്ള രചനകളാണ് അദ്ദേഹത്തിന്‍റേതെന്ന് നൊബേല്‍ ജൂറി വിലയിരുത്തി.
പത്ത് നോവലുകളും നിരവധി ചെറുകഥകളും ഗുര്‍ണ എഴുതിയിട്ടുണ്ട്. അഭയാർഥി പ്രശ്‌നങ്ങൾ അദ്ദേഹത്തിന്‍റെ നോവലുകളിലെ പ്രധാന വിഷയമാണ്. സ്വാഹിലി ഭാഷയിലാണ് അദ്ദേഹം രചനാജീവിതം ആരംഭിച്ചതെങ്കിലും തുടർന്ന് ഇംഗ്ലീഷിലേക്ക് മാറുകയായിരുന്നു.
ALSO READ: വൈദ്യശാസ്ത്ര നൊബേൽ പ്രഖ്യാപിച്ചു; പുരസ്കാരം മൂന്ന് പേർക്ക്
1994ല്‍ പുറത്തിറങ്ങിയ പാരഡൈസാണ് അബ്‌ദുൽ റസാക്കിന്‍റെ വിഖ്യാതകൃതിയായി അറിയപ്പെടുന്നത്. 2005ലെ ബുക്കര്‍ പ്രൈസിനും വൈറ്റ് ബ്രെഡ് പ്രൈസിനും നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നു. ഡെസേര്‍ഷന്‍, ബൈ ദി സീ എന്നിവയാണ് അദ്ദേഹത്തിന്‍റെ മറ്റ് കൃതികള്‍.
1948ൽ സാന്‍സിബറില്‍ ജനിച്ച ഗുര്‍ണ 1968ലാണ് ഇംഗ്ലണ്ടിലെത്തുന്നത്. കെന്‍റ് സർവകലാശാലയിലെ പ്രൊഫസറായി ജോലി ചെയ്യുകയായിരുന്നു അദ്ദേഹം. 21-ാം വയസിലാണ് അദ്ദേഹം സാഹിത്യജീവിതം ആരംഭിച്ചത്.