ബ്രസ്സൽസ്: തെക്കുകിഴക്കൻ യുക്രൈനിലെ ആണവ നിലയത്തിന് നേരെ റഷ്യ നടത്തിയ ആക്രമണത്തെ അപലപിച്ച് നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബെർഗ്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കനുമായുള്ള ചർച്ചയ്‌ക്ക് പിന്നാലെയാണ് സ്റ്റോൾട്ടൻബെർഗ് പ്രതികരണം. തന്‍റെ സൈന്യത്തെ യുക്രൈനിൽ നിന്ന് പിൻവലിക്കാനും വ്‌ളാദ്മിർ പുടിനോട് സ്റ്റോൾട്ടൻബെർഗ് ആവശ്യപ്പെട്ടു.
സപറോഷ്യ ആണവനിലയത്തിന് നേരെയുണ്ടായ ഷെല്ലാക്രമണം ഈ യുദ്ധത്തിന്‍റെ അശ്രദ്ധയാണ് പ്രകടമാക്കുന്നത്. യുദ്ധം അവസാനിപ്പിക്കേണ്ടതിന്‍റെ പ്രാധാന്യം ഇതിലൂടെ വ്യക്‌തമാവുകയാണെന്നും സ്റ്റോൾട്ടൻബെർഗ് പറഞ്ഞു. റഷ്യ തങ്ങളുടെ സൈന്യത്തെ പിൻവലിക്കണമെന്നും നയതന്ത്രപരമായി കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ALSO READ: റഷ്യൻ അധിനിവേശം; 160 വിദ്യാഭ്യാസ സ്ഥാപനങ്ങൾ നശിപ്പിക്കപ്പെട്ടു
അതേസമയം യുക്രൈനെതിരായുള്ള ആക്രമണത്തിനെതിരെ നാറ്റോ സഖ്യം ഐക്യത്തോടെ നിലകൊള്ളുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ അറിയിച്ചു. നാറ്റോ സഖ്യം സംഘർഷം ആഗ്രഹിക്കുന്നില്ലെന്നും സംഘർഷം ഉണ്ടായാൽ നാറ്റോ പ്രദേശത്തിന്‍റെ ഓരോ ഇഞ്ചും സംരക്ഷിക്കാൻ തങ്ങൾ തയ്യാറാണെന്നും ബ്ലിങ്കൻ വ്യക്‌തമാക്കി.