ബ്രിട്ടനിലെ പ്രതിപക്ഷ ലേബര്‍ പാര്‍ട്ടിയില്‍ അഭിപ്രായഭിന്നത. ലേബര്‍ നേതാവ് ജറമി കോര്‍ബിന്റെ ബ്രെക്സിറ്റ് നയത്തിലും പാര്‍ട്ടിയുടെ യഹൂദ വിരുദ്ധനിലപാടുകളിലും പ്രതിഷേധിച്ചു ഏഴ് എംപിമാര്‍ പാര്‍ട്ടി വിട്ടു. മാധ്യമങ്ങളുമായി നടത്തിയ അഭിമുഖത്തിലാണ് പാര്‍ട്ടി വിട്ട കാര്യം എംപിമാര്‍ പ്രഖ്യാപിച്ചത്. പുതിയ പാര്‍ട്ടി രൂപീകരിക്കില്ലെന്നും പാര്‍ലമെന്റില്‍ പ്രത്യേക സ്വതന്ത്ര ഗ്രൂപ്പായി പ്രവര്‍ത്തിക്കുമെന്നും വ്യക്തമാക്കി. ഇതോടെ പാര്‍ലമെന്റില്‍ ലേബറിന്റെ അംഗസംഖ്യ 256ല്‍നിന്ന് 249 ആയി കുറഞ്ഞു.
കണ്‍സര്‍വേറ്റീവ് എംപിമാരുടെ എണ്ണം 317 ആണ്.ബ്രെക്സിറ്റ് സംബന്ധിച്ച് രണ്ടാംവട്ടവും ഹിതപരിശോധന വേണമെന്ന നിലപാടിനെ അനുകൂലിക്കുന്നവരാണ് പാര്‍ട്ടി വിട്ട എംപിമാരെല്ലാവരും. ബ്രെക്സിറ്റിനു പുറമേ ലേബറിന്റെ യഹൂദവിരുദ്ധ നിലപാടും രാജിക്കു കാരണമാണ്. ഏറെ വേദനയോടെയാണു രാജി തീരുമാനം എടുത്തതെന്ന് വംശീയ അധിക്ഷേപത്തിനിരയായ യഹൂദവംശജ ലൂസിയാന ബെര്‍ജര്‍ പറഞ്ഞു. ബെര്‍ജര്‍ക്കു പുറമേ ചുക്മാ ഉമുന്ന, ക്രിസ് ലെസ്ലി, ഏഞ്ചലാ സ്മിത്ത്, മൈക്ക് ഗേപ്സ്, ഗാവിന്‍ഷുകര്‍, ആന്‍ കോഫി എന്നിവരാണ് പാര്‍ട്ടി വിട്ടത്.
1981ല്‍ നാല് എംപിമാര്‍ കൂറുമാറി സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി രൂപീകരിച്ചശേഷം ലേബര്‍ പാര്‍ട്ടി നേരിടുന്ന ഏറ്റവും വലിയ പിളര്‍പ്പാണിത്. ബ്രെക്സിറ്റിന് വെറും 39 ദിവസം മാത്രം ശേഷിക്കേ പാര്‍ട്ടിയിലുണ്ടായ അഭിപ്രായഭിന്നത കോര്‍ബിന്റെ നേതൃത്വത്തിനേറ്റ കനത്ത തിരിച്ചടിയാണ്. ബ്രെക്സിറ്റ് വേഗം നടപ്പാക്കാനുള്ള ലേബറിന്റെ ശ്രമം സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ മേഖലകളെ ദോഷകരമായി ബാധിക്കുമെന്നും പാര്‍ട്ടി വിട്ട എംപി ഗേപ്സ് പറഞ്ഞു. ബ്രെക്സിറ്റ് സംബന്ധിച്ച് തെരേസാ മേ കൊണ്ടുവന്ന പ്ളാന്ബിയും അംഗീകരിക്കപ്പെടാത്ത സാഹചര്യത്തില്‍ കരാര്‍ ഇല്ലാതെ തന്നെ യൂറോപ്യന്‍ യൂണിയന് വിട്ടുപോരാന്‍ ബ്രിട്ടന് തയാറാവേണ്ട സാഹചര്യമാണുള്ളത്.
ഏഴ് എംപിമാരുടെ രാജി തീരുമാനം തന്നെ നിരാശനാക്കിയെന്ന് ലേബര്‍ നേതാവ് കോര്ബിന് വ്യക്തമാക്കി. പാര്‍ട്ടിവിട്ടവര്‍ എംപിസ്ഥാനവും ഉപേക്ഷിച്ച് തെരഞ്ഞെടുപ്പു നേരിടുകയാണു വേണ്ടതെന്നു മറ്റൊരു ലേബര്‍ നേതാവായ ജോണ്‍ മക്ഡോണല്‍ പറഞ്ഞു. ലണ്ടന്‍ മേയര്‍ സാദിക്ക് ഖാന്, മുന്‍ ലേബര്‍ നേതാവ് എഡ് മിലിബാന്‍ഡ് തുടങ്ങിയവരും പാര്‍ട്ടി പിളര്‍ത്തിയ എംപിമാരുടെ നടപടിയെ അപലപിച്ചു.