മോസ്കോ : യുക്രൈനെതിരായ സൈനിക നടപടിയില്‍ ഹൈപ്പര്‍ സോണിക് മിസൈലായ കിന്‍ഷല്‍ ഉപയോഗിച്ചെന്ന് റഷ്യന്‍ സൈന്യം. റഷ്യ വികസിപ്പിച്ചെടുത്ത ഏറ്റവും പുതിയ ഹൈപ്പര്‍ സോണിക് മിസൈലാണ് കിന്‍ഷല്‍. യുക്രൈനെതിരായ പോരാട്ടത്തില്‍ റഷ്യ ആദ്യമായാണ് കിന്‍ഷല്‍ മിസൈല്‍ ഉപയോഗിക്കുന്നത്.
മിസൈലുകളും യുദ്ധവിമാനങ്ങള്‍ക്കുള്ള ആയുധങ്ങളും സൂക്ഷിക്കുന്ന യുക്രൈനിയന്‍ സൈന്യത്തിന്‍റെ ഭൂഗര്‍ഭ ആയുധപ്പുര കിന്‍ഷല്‍ മിസൈല്‍ വര്‍ഷിച്ച് നശിപ്പിച്ചെന്ന് റഷ്യന്‍ പ്രതിരോധമന്ത്രാലയ വക്താവ് അറിയിച്ചു. വടക്കന്‍ യുക്രൈനിലെ ഇവാനോ-ഫ്രന്‍കിവ്‌സ്‌ക് പ്രദേശത്താണ് ഈ ആയുധപ്പുര സ്ഥിതിചെയ്തിരുന്നതെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം പറഞ്ഞു.
കരിങ്കടലിലെ തുറമുഖമായ ഒഡേസയ്ക്കടുത്തുള്ള യുക്രൈനിയന്‍ സൈനിക താവളത്തെ ആക്രമിക്കാനായി കപ്പല്‍ വേധ മിസൈല്‍ സംവിധാനമായ 'ബാസ്റ്റിയന്‍' ഉപയോഗിച്ചെന്നും റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. സിറിയയിലെ 2016ല്‍ നടന്ന സൈനിക നടപടിയിലാണ് റഷ്യ ആദ്യമായി ബാസ്റ്റിയന്‍ ഉപയോഗിക്കുന്നത്.
ALSO READ: റഷ്യ അർഥവത്തായ ചർച്ചയ്ക്ക് തയാറാകണം: സെലെൻസ്‌കി
വടക്കന്‍ യുക്രൈന്‍ നഗരമായ ലെവീവിന്‍റ പ്രാന്തപ്രദേശങ്ങളിലും റഷ്യന്‍ ആക്രമണം ഉണ്ടായി. ദുരിതാശ്വാസ സാമഗ്രികള്‍ കൊണ്ടുപോകുന്നതും യുദ്ധത്തില്‍ നിന്നുള്ള പലായനവുമൊക്കെ ലെവീവ് വഴിയാണ്. അതേസമയം രാജ്യസ്നേഹം വിളംബരം ചെയ്‌തുകൊണ്ട് റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ ആയിരക്കണക്കിന് പേര്‍ പങ്കെടുത്ത റാലിയില്‍ വ്‌ളാഡിമിര്‍ പുടിന്‍ പങ്കെടുത്തു. റാലിയില്‍ നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം റഷ്യന്‍ സൈന്യത്തെ പ്രകീര്‍ത്തിച്ചു.
അതേസമയം യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങുമായി ഫോണില്‍ സംസാരിച്ചു. ചൈന റഷ്യയ്ക്ക് സഹായം നല്‍കരുതെന്ന് ജോ ബൈഡന്‍ ആവശ്യപ്പെട്ടു. യുദ്ധം ആരംഭിച്ചതിന് ശേഷം യുക്രൈനില്‍ നിന്ന് 65ലക്ഷം ആളുകള്‍ ആഭ്യന്തരമായി പലായനം ചെയ്തിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. 32 ലക്ഷം ആളുകള്‍ രാജ്യത്തിന് പുറത്ത് പലായനം ചെയ്‌തതിന് പുറമെയാണിത്.