മോസ്കോ: കിഴക്കന്‍ യുക്രൈനിലെ വിമത പ്രദേശങ്ങളില്‍ സമാധാനം പുനഃസ്ഥാപിക്കാൻ ശ്രമിക്കണമെന്ന് റഷ്യന്‍ സൈന്യത്തോട് പ്രസിഡന്‍റ് വ്ളാദിമര്‍ പുടിൻ. യുക്രൈന്‍ വിഘടന വാദികളെ സൈനികമായി സഹായിക്കാനാണ് ശ്രമിക്കുന്നതെന്ന് അന്താരാഷ്ട്ര നയതന്ത്ര വിദഗ്ധര്‍ വിലയിരുത്തുന്നത്. കിഴക്കന്‍ യുക്രൈനിലെ വിമത മേഖലകളുടെ സ്വാതന്ത്ര്യം റഷ്യ അംഗീകരിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് പുടിന്‍റെ ഉത്തരവ്.
ഡോണെക്‌സ് ജനകീയ റിപ്പബ്ലിക്കിനേയും, ലോഹന്‍സ്‌ക് ജനകീയ റിപ്പബ്ലിക്കിനേയുമാണ് റഷ്യ അംഗീകരിച്ചത്. റഷ്യന്‍ നിയമനിര്‍മാണ സഭയുടെ അംഗീകാരം ലഭിച്ചാല്‍ ഉത്തരവ് പ്രാബല്യത്തില്‍ വരും. പുടിന്‍റെ പുതിയ നീക്കം അമേരിക്കയടക്കമുള്ള പാശ്ചാത്യ ശക്തികളെ ചൊടിപ്പിക്കുന്നതാണ്. യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തിന് മുന്നോടിയായാണ് ഈ തീരുമാമെന്ന് പാശ്ചാത്യ നയതന്ത്ര കേന്ദ്രങ്ങള്‍ വ്യക്തമാക്കി.
വിമത മേഖലകളില്‍ ഉപരോധം ഏര്‍പ്പെടുത്തി അമേരിക്ക
റഷ്യ - യുക്രൈനില്‍ അധിനിവേശം നടത്തുകയാണെങ്കില്‍ ശക്തമായ സാമ്പത്തിക ഉപരോധം റഷ്യക്കെതിരെ ചുമത്തുമെന്ന് അമേരിക്കയടക്കമുള്ള പാശ്ചാത്യ രാജ്യങ്ങള്‍ പ്രഖ്യാപിച്ചതാണ്. റഷ്യയും യുക്രൈനും തമ്മിലുള്ള സൈനിക സംഘര്‍ഷം ഒഴിവാക്കുന്നതിനുള്ള ശ്രമം പുടിന്‍റെ പുതിയ നടപടി ദുഷ്കരമാക്കിയിരിക്കുകയാണെന്ന് നയതന്ത്ര വിദഗ്ദരുടെ നിരീക്ഷണം. നിലവിലെ ലോകവ്യവസ്ഥയെ തന്നെ തകിടം മറിക്കുന്ന തീരുമാനമാണ് റഷ്യയുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് ഇവര്‍ പ്രതികരിച്ചു.
യുക്രൈനിലെ വിഘടനവാദ പ്രദേശങ്ങളിലേക്കുള്ള നിക്ഷേപവും വ്യാപാരവും നിയന്ത്രിക്കാനുള്ള ഉത്തരവ് വൈറ്റ്ഹൗസ് പുറപ്പെടുവിച്ചു. വിഘടനവാദ പ്രദേശങ്ങള്‍ക്ക് കൂടുതല്‍ ഉപരോധം അമേരിക്ക ഉടന്‍ പ്രഖ്യാപിച്ചേക്കും. റഷ്യ യുക്രൈനില്‍ അധിനിവേശം നടത്തുകയാണെങ്കില്‍ റഷ്യയ്ക്കെതിരെ ചുമത്തേണ്ട ഉപരോധങ്ങളുടെ ലിസ്റ്റ് അമേരിക്ക തയ്യാറാക്കി വച്ചിട്ടുണ്ട്.
നാറ്റോയുമായി കൊമ്പ് കോര്‍ത്ത് പുടിന്‍
കിഴക്കന്‍ യുക്രൈനില്‍ വിഘടനവാദികളും യുക്രൈന്‍ സൈന്യവും തമ്മില്‍ നടക്കുന്ന സംഘര്‍ഷം മറയാക്കി റഷ്യ യുക്രൈനില്‍ അധിനിവേശം നടത്തുമെന്നാണ് അമേരിക്ക പ്രസ്താവിച്ചത്. അതേസമയം ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് കാരണം നാറ്റോ സൈനിക സംഖ്യമാണെന്ന് റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമര്‍ പുടിന്‍ പ്രതികരിച്ചത്. നാറ്റോസംഖ്യത്തിന്‍റെ കിഴക്കന്‍ യൂറോപ്പിലേക്കുള്ള വ്യാപനം റഷ്യയുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും പുടിന്‍ പറഞ്ഞു.
ഡോണെക്‌സ് ജനകീയ റിപ്പബ്ലിക്കിന്‍റെയും, ലോഹന്‍സ്‌ക് ജനകീയ റിപ്പബ്ലിക്കിന്‍റെയും സ്വാതന്ത്ര്യവും പരമാധികാരവും അംഗികരിച്ചത് റഷ്യയെ സംബന്ധിച്ചിടത്തോളം പ്രധാനമാണെന്നാണ് പുടിന്‍ പറയുന്നത്. യുക്രൈന്‍ സൈന്യവും റഷ്യന്‍ അനുകൂല വിഘടനവാദികളും തമ്മിലുള്ള സംഘര്‍ഷം കഴിഞ്ഞ എട്ട് വര്‍ഷമായി തുടരുകയാണ്. ഈ വിമത മേഖലകളുടെ സ്വാതന്ത്ര്യം അംഗീകരിച്ചുള്ള വ്ളാദിമര്‍ പുടിന്‍റെ ഉത്തരവിന് റഷ്യന്‍ നിയമനിര്‍മാണ സഭയുടെ അംഗീകാരം ലഭിക്കുന്നതോടെ ഈ വിമതര്‍ക്ക് കൂടുതല്‍ പ്രകടമായി സൈനിക സഹായം ലഭ്യമാക്കാന്‍ റഷ്യന്‍ പ്രസിഡന്‍റിന് സാധിക്കും.
വിമതര്‍ക്ക് റഷ്യ സൈനിക സഹായം നല്‍കുന്നുണ്ടെന്ന യുക്രൈനിന്‍റെയും പാശ്ചാത്യ രാജ്യങ്ങളുടെയും ആരോപണങ്ങള്‍ റഷ്യ ഇതുവരെ നിരസിക്കുകയാണ് ചെയ്തത്. റഷ്യന്‍ സൈനിക സഹായം ലഭ്യമാക്കുന്നില്ലെന്നും വിമതരോട് ആഭിമുഖ്യമുള്ള റഷ്യന്‍ വളണ്ടിയര്‍മാര്‍ വിമതരോടൊപ്പം ഉണ്ടാകാം എന്നുമാണ് റഷ്യ പ്രതികരിച്ചിരുന്നത്.
യുദ്ധത്തിന്‍റെ പ്രത്യാഘാതങ്ങള്‍ ഏറെ
വിമതമേഖലകളുടെ സ്വാതന്ത്യം അംഗീകരിച്ച പുടിന്‍റെ തീരുമാനത്തിന് റഷ്യന്‍ ജനതയ്ക്കിടയില്‍ വലിയ പിന്തുണയാണ് ഉള്ളത് എന്നാണ് അഭിപ്രായ സര്‍വേകള്‍ വ്യക്തമാക്കുന്നത്. തീരുമാനം വന്നതോടുകൂടി വിമത മേഖലയിലെ ജനങ്ങള്‍ റഷ്യന്‍ പതാകകള്‍ ഉയര്‍ത്തിയും റഷ്യന്‍ ദേശീയ ഗാനം പാടിയും ആഘോഷിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബഹുഭൂരിപക്ഷവും റഷ്യന്‍ ഭാഷ സംസാരിക്കുന്ന മേഖലകളാണ് ഈ വിമത മേഖലകള്‍.
അതേ സമയം കൂടിക്കാഴ്ചയ്ക്ക് അമേരിക്കന്‍ പ്രസിഡന്‍റ് ജോബൈഡനും റഷ്യന്‍ പ്രസിഡന്‍റ് പുടിനും സമ്മതിച്ചിട്ടുണ്ട്. ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണിന്‍റെ മധ്യസ്ഥതയാണ് ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കിയത്. അതേസമയം വിമത പ്രദേശങ്ങളില്‍ റഷ്യന്‍ സൈന്യം പ്രവേശിക്കുകയാണെങ്കില്‍ കൂടിക്കാഴ്ചയുണ്ടാവില്ലെന്നാണ് വൈറ്റ്ഹൗസ് കേന്ദ്രങ്ങള്‍ പറയുന്നത്.
റഷ്യ യുക്രൈന്‍ യുദ്ധമുണ്ടാവുകയാണെങ്കില്‍ യുറോപ്പില്‍ അത് വലിയ സാമ്പത്തിക പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുക. റഷ്യന്‍ പ്രകൃതി വാതകത്തെ വലിയ അളവിലാണ് യൂറോപ്യന്‍ രാജ്യങ്ങള്‍ ആശ്രയിക്കുന്നത്. കൂടാതെ വലിയ എണ്ണ ഉത്പാദക രാജ്യമായ റഷ്യ ഒരു യുദ്ധത്തില്‍ പങ്കാളിയാവുമ്പോള്‍ അത് ആഗോള എണ്ണ വിലയേയും ഉയര്‍ത്തും.