ലിസ്ബൺ: അടുത്ത ആഴ്ചയുടെ അവസാനത്തിൽ നടക്കാനിരിക്കുന്ന പോർച്ചുഗൽ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനായുള്ള വോട്ടെടുപ്പിൽ പങ്കെടുക്കാൻ 250,000 വോട്ടർമാർ രജിസ്റ്റർ ചെയ്തതായി പോർച്ചുഗൽ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വോട്ട് ചെയ്യാൻ രജിസ്റ്റർ ചെയ്ത 250,000 പോർച്ചുഗീസുകാരിൽ താൻ ആവേശം കൊള്ളുന്നതായും കൊവിഡ് മൂലം കഷ്ടതകൾ അനുഭവിക്കുമ്പോഴും ജനാധിപത്യത്തിന് വില നൽകണമെന്നും ആഭ്യന്തര മന്ത്രി എഡ്വേർഡോ കാബ്രിത പറഞ്ഞു.
ജനുവരി 24 നാണ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് പൂർത്തിയാകുക. രാജ്യമെമ്പാടുമുള്ള നിരവധി സ്ഥലങ്ങളിൽ വോട്ടർമാർക്ക് നേരിട്ടെത്തി വോട്ട് ചെയ്യാനാകും. നിലവിലെ പ്രസിഡന്‍റ് മാർസെലോ റെബലോ ഡി സൂസ ഉൾപ്പെടെ ഏഴ് സ്ഥാനാർഥികളാണ് അടുത്ത ഞായറാഴ്ച നടക്കാനിരിക്കുന്ന വോട്ടെടുപ്പിൽ മത്സരിക്കുന്നത്.
കൊവിഡ് പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ വേട്ട് രേഖപ്പെടുത്താനെത്തുന്നവരുടെ തിരക്ക് നിയന്ത്രിക്കാനാണ് നേരത്തെ രജിസ്റ്റർ ചെയ്യുന്നതെന്ന് മന്ത്രാലയം അറിയിച്ചു.വോട്ട് ചെയ്യാൻ എത്തുന്നവർ മാസ്കുകൾ ധരിക്കണമെന്നും സ്വന്തം പേനകൾ ഉപയോഗിക്കണമെന്നും തെരഞ്ഞെടുപ്പ് ഉപകരണങ്ങൾ ഉപയോഗിക്കുന്നതിന് മുമ്പും ശേഷവും കൈകൾ അണുവിമുക്തമാക്കണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.