അംബാല: ഫ്രാൻസില്‍ നിന്ന് അഞ്ച് ആകാശക്കരുത്തൻമാർ ഹരിയാനയിലെ അംബാല വ്യോമത്താവളത്തില്‍ പറന്നിറങ്ങുമ്പോൾ അത് ഇന്ത്യൻ വ്യോമസേനയുടെ പുതു ചരിത്രമാണ്. വ്യോമസേന മേധാവി എയർചീഫ് മാർഷല്‍ ആർകെഎസ് ഭദൗരിയ അടക്കമുള്ള ഉന്നതർ അംബാലയില്‍ അഞ്ച് റഫാല്‍ വിമാനങ്ങളെ സ്വീകരിക്കാൻ എത്തിയിരുന്നു. ഗുജറാത്ത് വഴിയാണ് റഫാലുകൾ ഇന്ത്യൻ വ്യോമാതിർത്തിയിലേക്ക് പ്രവേശിച്ചത്. രണ്ട് സുഖോയ് വിമാനങ്ങൾ റഫാല്‍ വിമാനങ്ങൾക്ക് അകമ്പടിയായി. അംബാലയില്‍ വാട്ടർ സല്യൂട്ട് നല്‍കിയാണ് റഫാല്‍ വിമാനങ്ങൾക്ക് സ്വീകരണം നല്‍കിയത്.
ഇന്ത്യൻ സൈനിക ചരിത്രത്തിലെ പുതിയ കാലഘട്ടമെന്നാണ് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ട്വിറ്ററില്‍ കുറിച്ചത്. ഫ്രാൻസില്‍ നിന്ന് തിങ്കളാഴ്ച രാത്രി പുറപ്പെട്ട റഫാല്‍ വിമാനങ്ങൾ അബുദാബിയില്‍ എത്തി പൈലറ്റുമാർക്ക് വിശ്രമം അനുവദിച്ച ശേഷം ഇന്ന് രാവിലെയാണ് ഇന്ത്യയിലേക്ക് പറന്നത്. പാക് വ്യോമപാത ഒഴിവാക്കിയാണ് ഗുജറാത്ത് വഴി അംബാലയില്‍ ഇറങ്ങിയത്. അംബാല 17-ാം സ്ക്വാഡ്രൺ ഗ്രൂപ്പ് ക്യാപ്റ്റന്‍റെ നേതൃത്വത്തില്‍ ഏഴ് പൈലറ്റുമാരാണ് ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് കരുത്ത് കൂട്ടാനെത്തിയ റഫാലുകൾ പറത്തിയത്. 12 പൈലറ്റുമാർ ഫ്രാൻസില്‍ പരിശീലനം പൂർത്തിയാക്കിയിട്ടുണ്ട്. അംബാല 17-ാം സ്ക്വാഡ്രൺ ഗോൾഡൻ ആരോസിനാണ് റഫാല്‍ വിമാനങ്ങളുടെ ചുമതല.
കരുത്തിന്‍റെ ആകാശരൂപം
ബഹുമുഖ യുദ്ധ വിമാനം
കരയിലും കടലിലും ആക്രമണം
ആണവായുധ ശേഷി
മണിക്കൂറില്‍ 2223 കിലോമീറ്റർ വേഗം
24,500 കിലോഗ്രാം വരെ വഹിക്കാൻ ശേഷി
രണ്ട് എം.88-2 ടർബോ ഫാൻ എൻജിനുകൾ
3700 കിലോമീറ്റർ റേഞ്ച്
വ്യോമ ഭൂതല മിസൈലുകൾ
ഇന്ത്യയ്ക്ക് മാത്രമായുള്ള സജ്ജീകരണങ്ങൾ
റഡാർ മുന്നറിയിപ്പ് റിസീവറുകൾ
ലോ ബാൻഡ് ജാമറുകൾ
ഇൻഫ്രാറെഡ് തിരിച്ചറിയല്‍ സൗകര്യം
ട്രാക്കിങ് സൗകര്യം
നിർമിച്ചത്, ഫ്രാൻസ്, ദാസോ ഏവിയേഷൻ
2016 സെപ്റ്റംബറില്‍ കരാർ
28 സിംഗിൾ സീറ്റ്, എട്ട് ഡബിൾ സീറ്റ്
2021ല്‍ 36 വിമാനങ്ങൾ ഇന്ത്യൻ വ്യോമസേനയ്ക്ക് സ്വന്തം
59,000 കോടി ചെലവ്