ലണ്ടൻ: ഫിലിപ്പ് രാജകുമാരന്‍റെ ശവസംസ്കാരം ഏപ്രിൽ 17ന് വിൻഡ്‌സറിൽ നടക്കും. പൊതു പ്രവേശനമോ പൊതു ഘോഷയാത്രയോ ഇല്ലാതെ സ്വകാര്യ ചടങ്ങായിരിക്കുമെന്ന് ബക്കിംഗ്ഹാം പാലസ് വക്താവ് അറിയിച്ചു. ചടങ്ങുകൾ ഏപ്രിൽ 17ന് വൈകുന്നേരം മൂന്ന് മണിക്ക് ആരംഭിക്കും. ഇംഗ്ലണ്ടിലെ വിൻഡ്‌സറിലെ സെന്‍റ് ജോർജ്ജ് ചാപ്പലിൽ ഒരു മിനിറ്റ് നിശബ്ദതയോടെയാകും ചടങ്ങുകൾ ആരംഭിക്കുക.
പൊതുജനങ്ങൾക്ക് ചടങ്ങുകൾ പങ്കെടുക്കാൻ അനുമതിയില്ല. കൊവിഡ് സാഹചര്യത്തിലാണ് ഈ തീരുമാനം. ശവസംസ്കാരം ടെലിവിഷനിലൂടെ തത്സമയം സംപ്രേക്ഷണം ചെയ്യും. 30 പേർ മാത്രമാണ് ചടങ്ങുകളിൽ പങ്കെടുക്കുന്നത്. ചടങ്ങിൽ യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ ചടങ്ങിൽ പങ്കെടുക്കില്ല. 17-ാം തിയതി വരെ എട്ട് ദിവസം ദേശീയ ദുഃഖാചരണം വേണമെന്ന പ്രധാനമന്ത്രിയുടെ നിർദേശം രാജ്ഞി അംഗീകരിച്ചിട്ടുണ്ട്. ചടങ്ങിൽ പങ്കെടുക്കാനായി ഹാരി രാജകുമാരൻ അമേരിക്കയിൽ നിന്നും ലണ്ടനിലേക്ക് തിരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഫിലിപ്പ് രാജകുമാരന്‍റെ സ്‌മരണക്കായി ബ്രിട്ടണിലുടനീളം ഗൺ സല്യൂട്ട് നടത്തിയിരുന്നു.
രാജകീയ വസതികളിൽ പൂക്കൾ നിക്ഷേപിക്കരുതെന്ന് രാജകുടുംബ വെബ്‌സൈറ്റ് ജനങ്ങളോട് ആവശ്യപ്പെട്ടു. ഇതിന് പകരം ഈ തുക ചാരിറ്റി പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കണമെന്ന് വെബ്സൈറ്റിൽ പറയുന്നു. ഫിലിപ്പ് രാജകുമാരന്‍റെ മരണകാരണം പുറത്തുവന്നിട്ടില്ല. നേവി ഉദ്യോഗസ്ഥനായിരുന്ന ഫിലിപ്പ് രാജകുമാരൻ 1974ലാണ് എലിസബത്ത് രാജ്ഞിയെ വിവാഹം കഴിച്ച് രാജകുടുംബത്തിന്‍റെ ഭാഗമാകുന്നത്. വിവാഹം കഴിഞ്ഞ അഞ്ച് വര്‍ഷത്തിന് ശേഷമാണ് എലിസബത്ത് രാജ്ഞിയായി ചുമതലയേല്‍ക്കുന്നത്.