ലണ്ടന്‍: ബ്രിട്ടീഷ് രാജകുടുംബത്തിലെ ഹാരി രാജകുമാരനും ഭാര്യ മേഗനും രാജകീയ പദവികളില്‍ നിന്നും വിട്ടുനില്‍ക്കാനൊരുങ്ങുന്നു. ബുധനാഴ്‌ച വൈകുന്നേരമാണ് ഇതുമായി ബന്ധപ്പെട്ട് ബക്കിങ്‌ഹാം കൊട്ടാരം പ്രസ്‌താവനയിറക്കിയത്. സസെക്‌സിലെ ഡ്യൂക്ക്, ഡച്ചസ് പദവികൾ അലങ്കരിക്കുന്ന ദമ്പതികൾ, സാമ്പത്തികമായി സ്വതന്ത്രരാകാനും വടക്കേ അമേരിക്കയില്‍ കൂടുതല്‍ സമയം ചെലവഴിക്കാനുമാണ് പിന്‍വാങ്ങുന്നതെന്ന് ഇരുവരും അയച്ച വ്യക്തിഗത സന്ദേശത്തില്‍ അറിയിച്ചു. ഒരുപാട് മാസങ്ങൾ നീണ്ടുനിന്ന ചര്‍ച്ചകൾക്കൊടുവിലാണ് പുതിയൊരു മാറ്റത്തിനായി തീരുമാനമെടുത്തത്. രാജകുടുംബത്തിലെ ഇപ്പോഴത്തെ പദവികൾ ഉപേക്ഷിച്ച് മുതിര്‍ന്ന അംഗങ്ങളായി മാറാനാണ് താല്‍പര്യമെന്ന് ഇവര്‍ അറിയിച്ചതായും പ്രസ്‌താവനയില്‍ പറയുന്നു.
ചാൾസ് രാജകുമാരന്‍റെയും ഡയാന രാജകുമാരിയുടെയും ഇളയമകനായ ഹാരി രാജകുടുംബത്തിലെ ജനപ്രിയനായ അംഗമാണ്. 2018ലായിരുന്നു അമേരിക്കന്‍ നടിയായ മേഗന്‍ മാര്‍ക്കിളുമായുള്ള ഹാരിയുടെ വിവാഹം നടന്നത്. ദമ്പതികളുടെ ആദ്യ കുട്ടിയായ ആര്‍ക്കിക്ക് വേണ്ടിയാണ് ബ്രിട്ടന് പുറത്ത് താമസിക്കാനാഗ്രഹിക്കുന്നതെന്നും ഇവര്‍ അറിയിച്ചു. ഇരുവരുടെയും ആഗ്രഹം മനസിലാക്കുന്നുവെന്നും എന്നാല്‍ പ്രശ്‌നം സങ്കീര്‍ണമായതിനാല്‍ തീരുമാനമെടുക്കാന്‍ കാലതാമസം നേരിടുമെന്നും ബക്കിങ്‌ഹാം കൊട്ടാരം പ്രസ്‌താവിച്ചു.
കാനഡ സന്ദർശിക്കാനും കാലിഫോർണിയയിൽ താമസിക്കുന്ന മേഗലിന്‍റെ അമ്മയെ കാണാനും വേണ്ടി ഹാരിയും കുടുംബവും കഴിഞ്ഞ മാസം സാൻഡ്രിങ്‌ഹാം കൺട്രി എസ്റ്റേറ്റിൽ നടന്ന എലിസബത്ത് രാജ്ഞിയുടെ പ്രത്യേക ക്രിസ്‌മസ് ചടങ്ങ് ഒഴിവാക്കിയിരുന്നു.