റോം: ടസ്കൻ നഗരത്തിൽ വീട്ടുതടങ്കലിലായിരുന്ന പാകിസ്ഥാനി മുസ്ലീം പെൺകുട്ടിയെ ഇറ്റാലിയൻ പൊലീസ് മോചിപ്പിച്ചു. പഠനാവശ്യങ്ങൾക്ക് ഉപയോഗിച്ചിരുന്ന കമ്പ്യൂട്ടറിൽ നിന്ന് താൻ വീട്ടുതടങ്കലിലാണെന്ന് പെൺകുട്ടി പൊലീസിന് മെയിൽ അയച്ചിരുന്നു.
ഇന്ത്യൻ ഹിന്ദു യുവാവിനെ പതിവായി സന്ദർശിക്കുന്നതിനാണ് പെൺകുട്ടിയെ വീട്ടുകാർ തടങ്കലിലാക്കിയത്. കുട്ടിയുടെ മൊബൈൽ ഫോൺ വീട്ടുകാർ പിടിച്ചുവയ്ക്കുകയും വീട്ടുകാരുടെ സാനിധ്യത്തിൽ മാത്രം പുറത്തുപോകാൻ അനുവദിക്കുകയും ചെയ്തുവെന്ന് പെൺകുട്ടി പൊലീസിനോട് പറഞ്ഞു. ഇനിയും യുവാവിനെ കാണാൻ ശ്രമിച്ചാൽ പെൺകുട്ടിയെ പാകിസ്ഥാനിലേക്ക് അയക്കുമെന്നും ഇരുവരെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പെൺകുട്ടി പറഞ്ഞു. ഒരു വർഷത്തിനടുത്തായി ഇരുവരും പരസ്പരം കാണാറുണ്ടായിരുന്നെന്നും യുവാവിന്‍റെ മതം പെൺകുട്ടിയുടെ വീട്ടുകാർ മനസിലാക്കുന്നതുവരെ പ്രശ്നങ്ങൾ ഒന്നുമില്ലായിരുന്നുവെന്നും പൊലീസിനെ അറിയിച്ചു.
കേസ് അന്വേഷിച്ച് വരികയാണെന്നും കുടുംബാംഗങ്ങളുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്തേക്കാമെന്നും പൊലീസ് അറിയിച്ചു. പെൺകുട്ടിയെ വെൽഫെയർ ഹോമിലേക്ക് മാറ്റി.