ബ്രെക്സിറ്റില്‍ വീണ്ടും ജനഹിത പരിശോധന വേണമെന്ന് ആവശ്യപ്പെട്ട് ലണ്ടന്‍ നഗരത്തില്‍ പ്രതിഷേധം ശക്തമാകുന്നു. തെരേസ മേ സർക്കാരിന്‍റെ തീരുമാനത്തിനെതിരെ പീപ്പിള്‍സ് വോട്ട് എന്ന ക്യാമ്പെയിനുമായാണ് പ്രതിഷേധക്കാര്‍ തെരുവില്‍ ഇറങ്ങിയിരിക്കുന്നത്.
നൂറോളം സംഘടനകളും, ഇറ്റലി, അയര്‍ലാന്‍റ് എന്നിവിടങ്ങളില്‍ നിന്ന് കുടിയേറിപ്പാര്‍ത്തവരും പ്രതിക്ഷേധങ്ങള്‍ക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. 2016ല്‍ നടത്തിയ ഹിതപരിശോധന ഫലത്തെ ഈ ക്യാമ്പയിന്‍ കൊണ്ട് മറികടക്കാമെന്ന വിശ്വാസത്തിലാണ് പ്രതിഷേധക്കാര്‍. 71.8 ശതാമനം പോളിങ്നടന്ന അഭിപ്രായ സര്‍വ്വേയില്‍ 52 ശതമാനം ആളുകളായിരുന്നു ബ്രിട്ടനെ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്ത് പോകാന്‍ അനുകൂലിച്ചത്.
യൂറോപ്യന്‍ വന്‍കരയിലെ 28 രാജ്യങ്ങള്‍ ചേര്‍ന്നുള്ള സംഘരാഷ്ട്രമാണ് യൂറോപ്യന്‍ യൂണിയന്‍. 1992 ലെ മാസ്ട്രീച്ച് ഉടമ്പടിയിലൂടെയാണ് ഈ ഏകീകൃത രാഷ്ട്രീയ സംവിധാനം നിലവില്‍ വരുന്നത്. യൂറോപ്യന്‍ വന്‍കരയിലെ ഏറ്റവും വലിയ രാഷ്ട്രീയ-സാമ്പത്തിക ശക്തിയാണ് ഈ സംഘരാഷ്ട്രം. ഏകീകൃത കമ്പോളം, പൊതു നാണയം, പൊതു കാര്‍ഷിക നയം, പൊതു വ്യാപരനയം, പൊതു മത്സ്യബന്ധനനയം എന്നിവയാണ് ഈ യൂണിയന്റെ സവിശേഷതകള്‍.