ലണ്ടൻ: പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനെ തുടർന്ന് ഇന്ത്യൻ വംശജനായ അയർലന്‍റ് പ്രധാനമന്ത്രി ലിയോ വരഡ്‌കർ രാജിവച്ചു. പ്രസിഡന്‍റ് മൈക്കൽ ഡി.ഹിഗ്ഗിൻസിനാണ് രാജി സമര്‍പ്പിച്ചത്. പുതിയ പ്രധാനമന്ത്രിയെ പ്രഖ്യാപിക്കുന്നതുവരെ ഇടക്കാല നേതാവായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ഫെബ്രുവരി എട്ടിന് നടന്ന തെരഞ്ഞെടുപ്പിൽ ലിയോയുടെ പാര്‍ട്ടിക്ക് ഭൂരിപക്ഷം നഷ്‌ടമായിരുന്നു. വ്യാഴാഴ്‌ച പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാൻ പാർലമെന്‍റില്‍ വോട്ടെടുപ്പ് നടത്തിയിരുന്നു. പ്രധാനമന്ത്രിയാകുന്നവർക്ക് കുറഞ്ഞത് 80 പേരുടെ പിന്തുണ വേണമെന്നുള്ളപ്പോൾ 36 വോട്ടുകൾ മാത്രമാണ് ലിയോയ്ക്ക് ലഭിച്ചത്. പ്രതിപക്ഷമായ ഫിയാന്ന ഫോയിൽ പാർട്ടി നേതാവ് മൈക്കൽ മാർട്ടിൻ 41 വോട്ടും സിൻ ഫിൻ പാർട്ടി നേതാവ് 45 വോട്ടും നേടി. 2017ലാണ് ഇന്ത്യൻ വംശജനായ ലിയോ വരഡ്‌കർ അയർലന്‍റിന്‍റെ പ്രധാനമന്ത്രിയായി ചുമതലയേറ്റത്. മുംബൈയിൽ നിന്ന് അയർലന്‍റിലേക്ക് കുടിയേറിയ ദമ്പതികളുടെ മകനാണ് ലിയോ. 38-ാം വയസിൽ അധികാരത്തിലേറിയ ലിയോ അയർലന്‍റ് ചരിത്രത്തിലെ പ്രായംകുറഞ്ഞ പ്രധാനമന്ത്രിയായിരുന്നു.