ലണ്ടൻ : കൊല്ലം സ്വദേശികളായ രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവച്ച് കൊലപ്പെടുത്തിയ കേസിൽ രണ്ട് ഇറ്റാലിയൻ നാവികർക്കെതിരായ ജുഡീഷ്യൽ നടപടി അവസാനിച്ചത് വലിയ നയതന്ത്ര ശ്രമത്തിന്‍റെ ഫലമാണെന്ന് ഇറ്റലി.
മാസിമിലാനോ ലാറ്റോറെ, സാൽവറ്റോർ ഗിറോൺ എന്നിവർക്കെതിരെ 9 വർഷം പഴക്കമുള്ള ക്രിമിനൽ നടപടികൾക്കാണ് ചൊവ്വാഴ്‌ച തിരശീല വീണത്. 10 കോടി രൂപ നഷ്‌ടപരിഹാരമായി ഇറ്റലി കെട്ടിവച്ചതോടെയാണ് കേസ് അവസാനിപ്പിക്കുന്നതായി സുപ്രീം കോടതി പ്രഖ്യാപിച്ചത്.
also read: കടല്‍ക്കൊല കേസ് അവസാനിപ്പിച്ച് സുപ്രീം കോടതി
പിന്നാലെ ഇന്ത്യയിലെ കേസ് അവസാനിച്ചുവെന്ന് ലുയ്‌ഗി ഡി മാരിയോ ട്വീറ്റ് ചെയ്‌തിരുന്നു.അതേസമയം കേസുമായി ബന്ധപ്പെട്ട് ലണ്ടനില്‍ അന്വേഷണം തുടരും. എന്ത് സാഹചര്യത്തിലാണ് മത്സ്യത്തൊഴിലാകള്‍ക്ക് നേരെ വെടിയുതിര്‍ത്തതെന്ന് നാവികർക്ക് അവിടെ വിശദീകരിക്കേണ്ടിവരും.
കടല്‍ക്കൊള്ളക്കാരാണെന്ന് കരുതിയാണ് വെടിയുതിർത്തതെന്നാണ് നാവികർ പറയുന്നത്. 2012 ഫെബ്രുവരി 15നാണ് കേസിനാസ്പദമായ സംഭവം. കൊല്ലത്തിന് സമീപം തീരക്കടലിൽ സെന്‍റ് ആന്റണീസ് എന്ന ബോട്ടിന് നേരെയാണ് മസിമിലാനോ ലത്തോറെ, സാൽവദോർ ഗിറോണെ എന്നീ നാവികര്‍ വെടിയുതിർത്തത്.
ബോട്ടിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളായ വാലന്റയിൻ ജലാസ്റ്റിൻ, അജേഷ് ബിങ്കി എന്നിവരാണ് മരിച്ചത്. ബോട്ടിലുണ്ടായിരുന്ന മറ്റ് തൊഴിലാളികൾക്ക് പരിക്കേറ്റു. ബോട്ടും പാടെ തകര്‍ന്നു.
10 കോടി രൂപ നഷ്‌ടപരിഹാരം നല്‍കണമെന്ന വ്യവസ്ഥ അംഗീകരിച്ച ഇറ്റലി കഴിഞ്ഞ ദിവസം പണം സുപ്രീം കോടതിയില്‍ കെട്ടിവച്ചിരുന്നു. ഇത് പ്രകാരമാണ് കേസ് അവസാനിപ്പിച്ച് കൊണ്ടുള്ള ഉത്തരവിറക്കിയത്. ഈ തുകയില്‍ 4 കോടി രൂപ വീതം മരിച്ച മത്സ്യത്തൊഴിലാളികള്‍ക്കും 2 കോടി രൂപ ബോട്ടിന്‍റെ ഉടമയ്‌ക്കും ലഭിക്കും.