ബുക്കാറസ്റ്റ് (റൊമേനിയ): യുക്രൈന്‍ അതിര്‍ത്തി കടക്കാന്‍ പാക്, തുര്‍ക്കി വിദ്യാര്‍ഥികള്‍ക്ക് രക്ഷയായത് ഇന്ത്യയുടെ ത്രിവര്‍ണ പതാക. ഇന്ത്യക്കാര്‍ക്ക് പുറമേ ചെക്ക്‌പോസ്റ്റുകൾ സുരക്ഷിതമായി മറികടക്കാൻ പാക്, തുർക്കി വിദ്യാർഥികളും ഇന്ത്യയുടെ ദേശീയ പതാക കൈയിലേന്തിയ വിവരം യുക്രൈനില്‍ നിന്ന് റൊമേനിയയിലെ ബുക്കാറസ്റ്റ് നഗരത്തിലെത്തിയ ഇന്ത്യൻ വിദ്യാർഥികളാണ് വെളിപ്പെടുത്തിയത്.
ഇന്ത്യൻ പതാക ഉപയോഗിച്ചാണ് ചില പാക്, തുർക്കി വിദ്യാർഥികൾ ചെക്ക്‌പോസ്റ്റുകൾ കടന്നത്. പാകിസ്ഥാൻ, തുർക്കി വിദ്യാർഥികൾക്ക് ഇന്ത്യൻ പതാക വലിയ സഹായമായിരുന്നുവെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. സഞ്ചരിക്കുന്ന വാഹനത്തില്‍ ദേശീയ പതാക പ്രദര്‍ശിപ്പിച്ചാല്‍ ഇന്ത്യക്കാരെ ഉപദ്രവിക്കില്ലെന്ന് റഷ്യ നേരത്തെ വ്യക്തമാക്കിയിരുന്നു. ദേശീയ പതാക നിര്‍ബന്ധമായും വാഹനത്തിന് മുന്‍വശത്ത് പ്രദര്‍ശിപ്പിക്കണമെന്ന് ഇന്ത്യന്‍ എംബസിയും മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിരുന്നു.
ഇന്ത്യക്കാരായതിനാലും ഇന്ത്യൻ പതാക ഒപ്പമുള്ളതിനാലും പ്രശ്‌നങ്ങളൊന്നും ഉണ്ടാകില്ലെന്ന് അധികൃതര്‍ പറഞ്ഞുവെന്ന് തെക്കന്‍ യുക്രൈനിലെ ഒഡേസയിൽ നിന്ന് എത്തിയ ഒരു മെഡിക്കൽ വിദ്യാർഥി പറഞ്ഞു. 'ഞാൻ മാർക്കറ്റിലേക്ക് ഓടി, കുറച്ച് കളർ സ്‌പ്രേകളും ഒരു കർട്ടനും വാങ്ങി. അതിനുശേഷം കർട്ടൻ വെട്ടി സ്‌പ്രേ പെയിന്‍റ് ചെയ്‌ത് ഇന്ത്യൻ ത്രിവർണ പതാക ഉണ്ടാക്കി,' ഒരു വിദ്യാർഥി പറഞ്ഞു. ഇന്ത്യൻ എംബസി നേരത്തെ തന്നെ ക്രമീകരണങ്ങൾ നടത്തിയിരുന്നതിനാൽ മാള്‍ഡോവയിൽ വലിയ പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നില്ലെന്നും വിദ്യാര്‍ഥികള്‍ കൂട്ടിച്ചേർത്തു.
Also read: "ഹംഗ്രി ക്യാപ്റ്റൻ" വളർത്തുമൃഗങ്ങളെ വെടിവച്ച് കൊന്ന് മാംസം കടത്തും: യൂട്യൂബറും സംഘവും പിടിയില്‍