കീവ്: യുക്രൈൻ തലസ്ഥാനമായ കീവിൽ കർഫ്യൂ ഇളവ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ വിദ്യാർഥികൾ ഇത് പ്രയോജനപ്പെടുത്തണമെന്ന് യുക്രൈനിലെ ഇന്ത്യൻ എംബസിയുടെ നിർദേശം. കുടുങ്ങിക്കിടക്കുന്ന വിദ്യാർഥികൾ റെയിൽവേ സ്റ്റേഷനിൽ എത്തണമെന്നും രക്ഷാദൗത്യത്തിനായി യുക്രൈൻ റെയിൽവേ, പടിഞ്ഞാറൻ യുക്രൈനിലേക്ക് ഏർപ്പെടുത്തിയിരിക്കുന്ന സ്‌പെഷ്യൽ ട്രെയിൻ സർവീസ് ഉപയോഗപ്പെടുത്തണമെന്നും എംബസിയുടെ നിർദേശത്തിൽ പറയുന്നു.
റെയിൽവെ സ്‌റ്റേഷനിൽ യുക്രൈനിലെ പൗരന്മാർ ഉൾപ്പെടുന്ന വലിയ ജനക്കൂട്ടം ഉണ്ടായേക്കാമെന്നും എന്നാൽ ഇന്ത്യൻ പൗരന്മാർ ഐക്യത്തോടെ ശാന്തമായി പെരുമാറണമെന്നും നിർദേശത്തിൽ പറയുന്നു. റെയിൽവെ സ്റ്റേഷനിൽ ആക്രമണ സ്വഭാവം കാണിക്കരുതെന്നും നിർദേശത്തിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. പാസ്‌പോർട്ട്, ആവശ്യമായ പണം, ഭക്ഷണം, മഞ്ഞുകാലത്തെ വസ്‌ത്രങ്ങൾ, അവശ്യവസ്‌തുക്കൾ എന്നിവ കൈയിൽ കരുതണമെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു.
ട്രെയിൻ ഷെഡ്യൂൾ ചെയ്‌ത സമയത്തിൽ നിന്ന് വൈകുകയോ റദ്ദാക്കപ്പെടുകയോ ചെയ്‌തേക്കാമെന്നും എന്നാൽ ശാന്തരായി പെരുമാറണമെന്നും നിർദേശത്തിൽ പറയുന്നു. ഇന്ത്യൻ പൗന്മാരെ തിരികെ അയക്കാൻ യുക്രൈൻ സിവിലിയൻമാരും അധികൃതരും വളരെ ബുദ്ധിമുട്ടുന്നുണ്ടെന്നും ഈ ദുർഘട സമയത്ത് അവരുടെ വികാരത്തെ കൂടി മാനിക്കണമെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നുണ്ട്.
എംബസി അധികൃതരുമായി ബന്ധപ്പെടാതെ രാജ്യത്തിന്‍റെ അതിർത്തികളിലേക്ക് പോകരുതെന്ന് കീവിലെ ഇന്ത്യൻ എംബസി വിശദീകരിച്ചിരുന്നു. യുക്രൈനിൽ നിന്ന് പൗരന്മാരെ രക്ഷപ്പെടുത്തുന്നതിനായി അതിർത്തി രാജ്യങ്ങളിലെ എംബസികളുമായി തുടർച്ചയായി ആശയവിനിമയം നടത്തുന്നുണ്ടെന്ന് ഇന്ത്യൻ എംബസി ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്.
READ MORE: യുക്രൈനിലെ റഷ്യൻ അധിനിവേശം: 102 സാധാരണക്കാര്‍ കൊല്ലപ്പെട്ടു, 5,00,000 പേർ പലായനം ചെയ്‌തു