ന്യൂഡല്‍ഹി: എംബസി ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാതെയോ നിർദ്ദേശങ്ങൾ ലഭിക്കാതെയോ യുക്രൈൻ അതിർത്തിയിലേക്ക് പോകരുതെന്ന് യുദ്ധത്തില്‍ കുടുങ്ങിയ ഇന്ത്യക്കാർക്ക് നിർദ്ദേശം. യുക്രൈനിന്‍റെ തലസ്ഥാനമായ കീവില്‍ അടക്കം റഷ്യൻ സൈന്യം ശക്തമായ ആക്രമണം നടത്തുന്ന സാഹചര്യത്തിലാണ് യുക്രൈനിലെ ഇന്ത്യക്കാർക്ക് പുതിയ നിർദ്ദേശം നല്‍കിരിക്കുന്നത്. യുക്രൈനിന്‍റെ കിഴക്കൻ ഭാഗങ്ങലില്‍ താമസിക്കുന്ന ഇന്ത്യക്കാർ കഴിയുന്നിടത്തോളം സമയം ഇപ്പോൾ തമ്പടിച്ചിരിക്കുന്ന സുരക്ഷിത കേന്ദ്രങ്ങളില്‍ അഭയം കണ്ടെത്തണമെന്നാണ് ഇന്ത്യൻ എംബസിയുടെ നിർദ്ദേശം.
ഇന്ത്യൻ എംബസികളിലെ എമർജൻസി നമ്പറുകളില്‍ ബന്ധപ്പെട്ട ശേഷം മാത്രമേ അതിർത്തികളിലേക്ക് പോകാവൂ എന്ന കർശന നിർദ്ദേശമാണ് ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർ നല്‍കിയിരിക്കുന്നത്. ഇന്ത്യക്കാരെ യുക്രൈനില്‍ നിന്ന് ഒഴിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തിക്കൊണ്ടിരിക്കുകയാണെന്ന് ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ ഇതിനകം അറിയിച്ചിട്ടുണ്ട്. എന്നാല്‍ കൃത്യമായ നിർദ്ദേശങ്ങളില്ലാതെ അതിർത്തികളിലെ ചെക്ക്പോയിന്‍റുകളില്‍ എത്തുന്നവർക്ക് അതിർത്തി കടക്കാനുള്ള സാഹചര്യം മോശമാണെന്നും ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ പറയുന്നു.
പടിഞ്ഞാറൻ യുക്രൈനില്‍ നിന്ന് ഹംഗറി, റൊമാനിയ, പോളണ്ട് എന്നി രാജ്യങ്ങൾ വഴി ഇന്ത്യക്കാരെ ഒഴിപ്പിക്കാനായി ലിവ്, ചെർണിവ്‌സ്‌റ്റി എന്നി നഗരങ്ങളില്‍ ക്യാമ്പ് ഓഫീസുകൾ തുറന്നതായും ഇന്ത്യൻ എംബസി അറിയിച്ചു. അതിനൊപ്പം പോളണ്ട്, റൊമാനിയ, സ്ലൊവാക് റിപ്പബ്ലിക്, ഹംഗറി എന്നി രാജ്യങ്ങളുടെ യുക്രൈൻ അതിർത്തികളിലും ഇന്ത്യ ക്യാമ്പ് ഓഫീസ് തുറന്നിട്ടുണ്ട്.