ജനീവ: ഐക്യരാഷ്‌ട്രസഭ രക്ഷാസമിതിയില്‍ (യുഎന്‍എസ്‌സി) ജമ്മു കശ്‌മീര്‍ വിഷയവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ ഇന്ത്യക്ക് റഷ്യയുടെ പിന്തുണ. ജമ്മു കശ്‌മീരിന്‍റെ പ്രത്യേക പദവി ഇന്ത്യ ദദ്ദാക്കിയതിന് പിന്നാലെ ചേര്‍ന്ന യുഎന്‍എസ്‌സിയുടെ പ്രത്യേക ചർച്ചയിലാണ് ഇന്ത്യക്ക് പിന്തുണയുമായി റഷ്യ രംഗത്തെത്തിയത്. ഇന്നലെ രാത്രി ഇന്ത്യന്‍ സമയം 7.30നായിരുന്നു യോഗം ആരംഭിച്ചത്. അഞ്ച് സ്ഥിരാംഗങ്ങളും പത്ത് താൽക്കാലിക അംഗങ്ങളും ചര്‍ച്ചയില്‍ പങ്കെടുത്തു. കശ്‌മീര്‍ പ്രശ്‌നത്തില്‍ ഇന്ത്യ- പാകിസ്ഥാന്‍ ഉഭയകക്ഷി ചര്‍ച്ചയിലൂടെ പ്രശ്‌ന പരിഹാരം വേണമെന്ന് റഷ്യ ആവശ്യപ്പെട്ടു.
അടിയന്തര സമ്മേളനം വേണമെന്ന പാക്കിസ്ഥാന്‍റെയും ചൈനയുടെയും ആവശ്യപ്രകാരമാണ് യോഗം ചേര്‍ന്നത്. ഇന്ത്യയുടെ തീരുമാനത്തിലുള്ള ചൈനയുടെ അതൃപ്‌തി ചര്‍ച്ചയിലും അറിയിച്ചുവെന്നും ബാക്കിയുള്ള സ്ഥിരാംഗങ്ങൾ ഇന്ത്യന്‍ അനുകൂല നിലപാട് സ്വീകരിച്ചെന്നുമാണ് സൂചന. തങ്ങളുടെ പ്രതിനിധിയെ രക്ഷാസമിതിയില്‍ ചര്‍ച്ചക്ക് അനുവദിക്കണമെന്ന് പാക്കിസ്ഥാന് ആവശ്യപ്പെട്ടെങ്കിലും അനുവദിക്കപ്പെട്ടില്ല. അതേസമയം കശ്‌മീര്‍ താഴ്‌വരയിലെ നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ ഇന്ത്യ സ്വീകരിച്ച നടപടികളെ രക്ഷാസമിതി അഭിനന്ദിച്ചു.