ബെർലിൻ: റഷ്യയുടെ സൈനിക നീക്കത്തിനെതിരെ യുക്രൈന് പിന്തുണ പ്രഖ്യാപിച്ച് ജർമനിയും ലക്‌സംബർഗും. ചൊവ്വാഴ്‌ച ബെർലിനിൽ നടന്ന സംയുക്ത സമ്മേളനത്തിൽ ജർമൻ ചാൻസലർ ഒലാഫ് ഷോൾസ് എല്ലാ യുദ്ധ പ്രവർത്തനങ്ങളും ഉടനടി നിർത്തി, റഷ്യൻ സൈനികരെയും പിൻവലിച്ച് സംഭാഷണം നടത്തുക എന്ന് റഷ്യൻ പ്രസിഡന്‍റ് വ്‌ളാദ്മിർ പുടിനോട് അഭ്യർഥിച്ചു. രക്തച്ചൊരിച്ചിൽ അവസാനിക്കേണ്ടതുണ്ടെന്നും വ്‌ളാദ്മിർ പുടിൻ യുക്രൈൻ ജനതയെ ദ്രോഹിക്കുകയാണെന്നും ഷോൾസ് പറഞ്ഞു.
യുദ്ധത്തിൽ പരിക്കേറ്റവരുടെയും കൊല്ലപ്പെട്ടവരുടെയും ചിത്രങ്ങളും തകർന്ന കെട്ടിടങ്ങളുമെല്ലാം കണ്ട് വിലപിക്കേണ്ടി വരുന്നത് ഇനി വരാൻ സാധ്യതയുള്ളതിന്‍റെ തുടക്കം മാത്രമാണെന്ന് ലക്‌സംബർഗ് പ്രധാനമന്ത്രി സേവ്യർ ബെറ്റൽ പറഞ്ഞു. യുക്രൈൻ ജനതക്ക് വേണ്ടി നിലകൊള്ളുകയെന്നത് ഞങ്ങളുടെ കടമയാണ്. നയതന്ത്ര ശ്രമങ്ങൾ തുടരണമെന്നും ചർച്ചകളിലൂടെ വെടിനിൽത്തൽ നടപ്പാക്കണമെന്നും ബെറ്റൽ കൂട്ടിച്ചേർത്തു.
റഷ്യൻ അധിനിവേശത്തിന്‍റെ ആറാം ദിവസം തലസ്ഥാന നഗരമായ കീവിലും ഖാർകീവിലും കനത്ത ആക്രമണമാണ് നടക്കുന്നത്.