ബെർലിൻ: ജർമൻ സംസ്ഥാനമായ ഹെസ്സി ധനമന്ത്രി തോമസ് ഷേഫർ (54) ആത്മഹത്യ ചെയ്തു. കൊവിഡ് മൂലമുണ്ടാകുന്ന സാമ്പത്തിക തകർച്ചയെ എങ്ങനെ നേരിടുമെന്ന് തോമസ് ഷേഫർ വ്യാകുലനായിരുന്നു. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസമാണ് റെയിൽവേ ട്രാക്കിനടുത്ത് നിന്ന് അദ്ദേഹത്തിന്‍റെ മൃതദേഹം ലഭിച്ചത്.
ഡച്ച് ബാങ്ക്, കൊമേർസ് ബാങ്ക്, യൂറോപ്യൻ സെൻട്രൽ ബാങ്ക് എന്നിവയുടെ ആസ്ഥാനമാണ് ഫ്രാങ്ക്ഫർട്ട്. ഹെസ്സി ഫ്രാങ്ക്ഫർട്ടിന്‍റെ സാമ്പത്തിക തലസ്ഥാനവും. "കഴിഞ്ഞ പത്ത് വർഷമായി ഹെസ്സിയുടെ ധനകാര്യ വകുപ്പിന്‍റെ തലവനായി തോമസ് ഷേഫർ പ്രവർത്തിക്കുകയായിരുന്നു. കൊവിഡ് പകർച്ചവ്യാധി സൃഷ്‌ടിക്കുന്ന സാമ്പത്തിക പ്രശ്‌നങ്ങളിൽ നിന്നും കരകയറാൻ ഓരോ കമ്പനികൾക്കും തൊഴിലാളിക്കുമൊപ്പം നിന്ന് അയാൾ അശ്രാന്തമായി, രാവും പകലും പ്രയത്‌നിച്ചതാണ്." ഇത്തരമൊരു പ്രതിസന്ധി സമയത്ത് ഷേഫറിന്‍റെ സേവനം ഏറ്റവും അനുവാര്യമായിരുന്നുവെന്നും ജർമ്മൻ ചാൻസലർ ആംഗല മെർക്കലിന്‍റെ സഖ്യകക്ഷികളിലൊരാളായ വോൾക്കർ ബഫിയർ പറഞ്ഞു.