പാരിസ്: തുടർച്ചയായ രണ്ടാം ദിവസവും ഫ്രാൻസിലെ ദിനംപ്രതിയുള്ള കൊവിഡ് കേസുകളുടെ എണ്ണം 40,000 മുകളിലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഫ്രാൻസിൽ 41,869 പേർക്ക് കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 4,465,956 ആയി. 897 മരണം കൂടി റിപ്പോർട്ട് ചെയ്‌തു. വൈറസ് ഏറ്റവും അധികം ബാധിച്ച രാജ്യങ്ങളിൽ യുകെ കഴിഞ്ഞാൽ രണ്ടാം സ്ഥാനത്താണ് ഫ്രാൻസ്.
2020 ജനുവരി മുതൽ, ഫ്രാൻസിൽ ശ്വാസകോശ സംബന്ധമായ അസുഖം മൂലം 94,275 പേർക്കാണ് ജീവൻ നഷ്‌ടപ്പെട്ടത്. വെള്ളിയാഴ്‌ച മാത്രം കൊവിഡ് മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ എണ്ണം 27,242 ആയിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 206 പേരെ കൂടി പ്രവേശിപ്പിച്ചു. ഇവരില്‍ 4,766 പേരുടെ സ്ഥിതി ഗുരുതരമാണ്. രോഗികളുടെ വർധനവ് കണക്കിലെടുത്ത് അവശ്യ സാധനങ്ങൾക്കുള്ള കടകളൊഴികെ മറ്റുള്ളവയെല്ലാം അടച്ചിടാൻ നിർദേശിച്ചിട്ടുണ്ട്. ഒത്തുചേരലുകൾ ആറ് പേർക്ക് മാത്രമായി പരിമിതപ്പെടുത്തി. കൂടാതെ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും വീട്ടിലിരുന്ന് ജോലി ചെയ്യണമെന്നും സർക്കാർ നിർദേശിച്ചിരിക്കുന്നു.