പാരീസ്: സർക്കാരിൻ്റെ ഇന്ധനവില വർധനയ്‌ക്കെതിരെ ഫ്രാൻസിൽ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ വർഷം നവംബറിലാണ് ഫ്രഞ്ച് സർക്കാർ ഇന്ധനവില വർധിപ്പിച്ചത്. ഇതിനെ തുടർന്ന് ഉയർന്നു വന്ന 'യെല്ലോ വെസ്റ്റ്' പ്രതിഷേധം 21 ആഴ്ച പിന്നിട്ടു. ഇന്ധനവില വർധിപ്പിക്കാനുള്ള പദ്ധതി ഫ്രഞ്ച് സർക്കാർ പിൻവലിക്കുകയും പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ തൻ്റെ 'സാമ്പത്തിക,സാമൂഹിക അടിയന്തര പദ്ധതിയുടെ' ഭാഗമായി രാജ്യത്തെ ജനങ്ങൾക്ക് പ്രതിമാസം 100 യൂറോയുടെ കുറഞ്ഞ വേതന വർധനവ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
എന്നാൽ ശനിയാഴ്ച നൂറുകണക്കിന് പ്രക്ഷോഭകർ പടിഞ്ഞാറൻ ഫ്രഞ്ച് നഗരമായ നാന്‍റിസിൽ പൊലീസുമായി ഏറ്റുമുട്ടുകയും പൊലീസ് കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്തു. 'യെല്ലോ വെസ്റ്റ്' പ്രക്ഷോഭത്തിൻ്റെ ഭാഗമായി മഞ്ഞ ഫ്ലൂറസെൻ്റ് വസ്ത്രങ്ങൾ ധരിച്ചാണ് പ്രതിഷേധക്കാർ തെരുവിലിറങ്ങിയത്. പ്രസിഡൻ്റ് മാക്രോൺ രാജി വെക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
പ്രതിഷേധത്തെ തുടർന്ന് ഇതുവരെ 11 പേർ കൊല്ലപ്പെട്ടു. 2,000 പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. പ്രതിഷേധത്തിൽ 8,000ത്തിലധികം പേരെ അറസ്റ്റ് ചെയ്യുകയും രണ്ടായിരത്തോളം പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.