റിയോ ഡി ജനീറോ: ബ്രസീലിലെ റിയോ ഡി ജനീറോയിൽ കൊവിഡ് ബാധിതരെ ചികിത്സിക്കുന്നതിന് മാത്രമായി നിർമിച്ച താൽക്കാലിക ആശുപത്രിയുടെ പ്രവർത്തനം കഴിഞ്ഞ ദിവസം മുതൽ ആരംഭിച്ചു. സർക്കാരും സ്വകാര്യ വ്യക്തികളും ചേർന്ന് 19 ദിവസം കൊണ്ടാണ് ലാഗോവ- ബാറ ആശുപത്രി നിർമിച്ചത്. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് ഒരുക്കിയ ആശുപത്രിയിൽ 30 കിടക്കകളും 10 തീവ്രപരിചരണ വിഭാഗങ്ങളും ഒപ്പം റേഡിയോളജി, ടൊമോഗ്രാഫി, എക്കോകാർഡിയോഗ്രാഫി മെഷീനുകൾ ഉൾപ്പടെയുള്ള എല്ലാ സൗകര്യങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഇനിയും 100 തീവ്രപരിചരണ വിഭാഗങ്ങൾ ഉൾപ്പെടെ 200 കിടക്കകൾ ഉൾക്കൊള്ളിച്ച് ചികിത്സ മെച്ചപ്പെടുത്തണമെന്നാണ് അധികൃതരുടെ തീരുമാനം. ആരോഗ്യപ്രവർത്തകരും സഹായികളുമുൾപ്പടെ ആയിരത്തിലധികം ആളുകൾ ആശുപത്രിയിൽ ജോലിചെയ്യും.
ഇതിന് പുറമെ, റിയോ ഡി ജനീറോയിലെ എട്ട് താൽക്കാലിക ആശുപത്രികളിലേക്ക് 18,000 കിടക്കകൾ നൽകുമെന്ന് സംസ്ഥാന ആരോഗ്യ സെക്രട്ടറി പറഞ്ഞു. ബ്രസീലിൽ കഴിഞ്ഞ ദിവസം വരെ 4,000 പേർ കൊവിഡ് ബാധിച്ച് മരിക്കുകയും 58,000 പേർക്ക് രോഗബാധ സ്ഥിരീകരിക്കുകയും ചെയ്‌തിട്ടുണ്ട്.