ന്യൂഡല്‍ഹി: ബ്രിട്ടീഷ് രാജകുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങള്‍ എന്ന പദവിയില്‍നിന്ന് പിന്മാറുന്നുവെന്ന ഹാരി രാജകുമാരന്‍റേയും ഭാര്യ മേഗന്‍ മാര്‍ക്കലിന്‍റേയും പ്രഖ്യാപനത്തിന് പിന്നാലെ ഇരുവര്‍ക്കും വമ്പൻ ജോലി ഓഫറുകളുമായി വിവിധ അന്താരാഷ്ട്ര കമ്പനികള്‍. ഇരുവരും കാനഡയിലേക്ക് വരികയാണെങ്കില്‍ ജീവിത കാലം മുഴുവൻ സൗജന്യ കോഫി നല്‍കാമെന്ന് പറഞ്ഞിരിക്കുകയാണ് കനേഡിയൻ കോഫി ചെയിൻ ടിം ഹോര്‍ത്തോണ്‍സ്. യു.എസ് ആസ്ഥാനമായുള്ള 'ബര്‍ഗര്‍ കിങ്' ഇരുവര്‍ക്കും പാര്‍ട് ടൈം ജോലിയാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. വിവിധ ട്വീറ്റുകളിലായണ് പ്രഖ്യാപനം.
സാമ്പത്തിക സ്വാശ്രയത്വം നേടാനാണ് രാജകുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളെന്ന പദവിയില്‍ നിന്ന് പിന്മാറുന്നതിലൂടെ ഉദ്ദേശിക്കുന്നതെന്ന് നേരത്തെ തന്നെ ഹാരിയും മേഗനും വ്യക്തമാക്കിയിരുന്നു. ഇതിന് മുമ്പും അര്‍ജന്‍റീനയിലെ 'ബര്‍ഗര്‍ കിങ്' ബ്രാഞ്ച് ഇരുവര്‍ക്കും ജോലി വാഗ്ദാനം നല്‍കിയിരുന്നു. എന്തായാലും ട്വീറ്റിന് മികച്ച പ്രതികരണമാണ് നവ മാധ്യമങ്ങളില്‍ ലഭിക്കുന്നത്. ഈ തമാശ ഹാരി കാണുകയാണെങ്കില്‍ നിങ്ങളുടെ മുഴുവൻ കോര്‍പ്പറേഷനുകളും വാങ്ങാൻ അദ്ദേഹത്തിന് കഴിയുമെന്നാണ് ഹാരി മേഗൻ ദമ്പതികളുടെ ഒരു ആരാധകൻ മറുപടി ട്വീറ്റ് ചെയ്തിരിക്കുന്നത്.