ലണ്ടൻ: ബ്രിട്ടനിലെ രണ്ട് ദശലക്ഷം ദുർബലരായ ആൾക്കാർ മുന്നോട്ട് വന്ന് വാക്‌സിൻ സ്വീകരിക്കണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ആവശ്യപെട്ടു. രാജ്യത്ത് 75 വയസ്സിനു മുകളിൽ പ്രായമുള്ള 90 ശതമാനത്തിലധികം പേർക്കും കെയർ ഹോമുകളിൽ താമസിക്കുന്ന 90 ശതമാനത്തിലധികം പേർക്കും വാക്‌സിനുകൾ നൽകിയതായി പ്രധാനമന്ത്രി പറഞ്ഞു. ബാക്കിയുളള രണ്ട് ദശലക്ഷം പേർ വാക്‌സിനെടുക്കാൻ മുന്നോട്ട് വരണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
കൊവിഡ് വാക്‌സിൻ സുരക്ഷിതവും ഫലപ്രദവുമാണ് . കൊവിഡ് വാക്‌സിന്‍റെ കാര്യത്തിൽ രാജ്യം വലിയ മുന്നേറ്റമാണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. 13 ദശലക്ഷത്തിലധികം ആളുകള്‍ രാജ്യത്ത് വാക്‌സിൻ സ്വീകരിച്ചിട്ടുണ്ട്. രാജ്യത്ത് വാക്‌സിൻ വിതരണം ആരംഭിച്ചതിന് ശേഷം രോഗബാധിതരുടെ എണ്ണം കുറയുന്നുണ്ട്. ഫെബ്രുവരി അവസാനതോടെ വാക്‌സിൻ വിതരണം 15 ദശലക്ഷം എത്തിക്കാനാണ് സർക്കാരിന്‍റെ ഉദ്ദേശ്യം എന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി വ്യക്തമാക്കി.
മുഴുവൻ പേരും വാക്‌സിൻ എടുത്താൻ മാത്രമേ രാജ്യത്തിന് സാധാരണ അവസ്ഥയിലേക്ക് തിരിച്ചുപോകാൻ കഴിയൂ. രോഗബാധിതരുടെ എണ്ണം കുറയുന്ന സാഹചര്യത്തില്‍ ലോക്ക് ഡൗണിൽ ഇളവുകൾ ഉണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
രാജ്യത്ത് കൊവിഡ് രോഗം പടർന്ന് പിടിച്ചതിന് ശേഷം ഇംഗ്ലണ്ട് നിലവിൽ മൂന്നാമത്തെ ലോക്ക് ഡൗണിലൂടെയാണ് കടന്നു പോകുന്നത്. സ്കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലും സമാനമായ നിയന്ത്രണ നടപടികൾ നിലവിലുണ്ട്.ബ്രിട്ടനിൽ 13,103 പേർക്ക് ബുധനാഴ്ച കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് മൊത്തം 3,985,161 പേർക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട് . കൊവിഡ് ബാധിച്ച് രാജ്യത്ത് ഇതുവരെ 114851 പേർ മരിച്ചു.