തെരേസ മേ സർക്കാർ തയാറാക്കിയ ബ്രെക്‌സിറ്റ് കരാർ വീണ്ടും ബ്രിട്ടീഷ് പാർലമെന്‍റിൽ പരാജയപ്പെട്ടു. യൂറോപ്യൻ യൂണിയൻ വിടുന്നതിന്‍റെ ഭാഗമായാണ് ബ്രെക്‌സിറ്റ് കരാർ തയാറാക്കിയത്. 392 നെതിരെ 242 വോട്ടിനാണ് മേയുടെ നിർദേശം പാർലമെന്‍റിൽ തള്ളിയത്.
ഈ വർഷം ആദ്യം അവതരിപ്പിച്ച കരാർ പാർലമെന്‍റ്തള്ളിയതിനെത്തുടർന്നാണ് വീണ്ടും അവതരിപ്പിച്ചത്. 2016 ജൂണിൽ നടത്തിയ ഹിതപരിശോധനയുടെ അടിസ്ഥാനത്തിലാണ് യൂറോപ്യൻ യൂണിയൻ വിടാൻ ബ്രിട്ടൻ തീരുമാനിച്ചത്. ഈ മാസം 29 നാണ് ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടേണ്ടത്.
തെരേസ മേയുടെ കക്ഷിയായ കൺസർവേറ്റീവ് പാർട്ടിയിലെ തീവ്ര ബ്രെക്സിറ്റ് വാദികളും കരാറിലെ ചില വ്യവസ്ഥകളെ ശക്തമായി എതിർത്തു. യൂറോപ്യൻ യൂണിയൻ രാജ്യമായ ഐറിഷ് റിപ്പബ്ലിക്കിനും ബ്രിട്ടന്‍റെ ഭാഗമായ വടക്കൻ അയർലൻഡിനുമിടയിൽ അതിർത്തി തിരിക്കാൻ പാടില്ലെന്ന് കരാറുള്ളതാണ് പ്രധാന തടസ്സം.