ബ്രസ്സല്‍സ്: റഷ്യന്‍ പ്രസിഡന്‍റുമായുള്ള കൂടിക്കാഴ്‌ചയ്ക്ക് മുന്നോടിയായി വ്‌ളാഡിമിർ പുടിനെ പ്രശംസിച്ച് അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍. പുടിന്‍ പ്രസന്നനും ശക്തനും ഒപ്പം യോഗ്യനുമായ എതിരാളിയാണെന്ന് ബൈഡന്‍ പറഞ്ഞു. ബുധനാഴ്ച സ്വിറ്റ്സർലൻഡിലെ ജനീവയിൽ കൂടിക്കാഴ്‌ച നടക്കാനിരിക്കെയാണ് പുടിനെ പ്രശംസിച്ച് അമേരിക്കന്‍ പ്രസിഡന്‍റ് രംഗത്തെത്തിയത്.
അതേസമയം, കഴിഞ്ഞ ദിവസം നടന്ന നാറ്റോ ഉച്ചകോടിയില്‍ റഷ്യയേയും ചൈനയേയും ബൈഡന്‍ കടന്നാക്രമിച്ചു. കഴിഞ്ഞ രണ്ട് വർഷമായി നാറ്റോ സഖ്യകക്ഷികള്‍ പുതിയ വെല്ലുവിളികള്‍ നേരിട്ട് കൊണ്ടിരിക്കുകയാണെന്നും റഷ്യയും ചൈനയും സ്ഥിരതയില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നും ബൈഡന്‍ വിമര്‍ശിച്ചു. ഇരു രാജ്യങ്ങള്‍ക്കുമെതിരെ ഒരുമിച്ച് നില്‍ക്കണമെന്ന് ബൈഡന്‍ പാശ്ചാത്യ സഖ്യകക്ഷികളോട് ആവശ്യപ്പെട്ടു.
Read more: ജി-7 ഉച്ചകോടിയെ പ്രശംസിച്ച് ജോ ബൈഡന്‍ ; ഇനി ബ്രസ്സല്‍സിലേക്ക്
സഖ്യകക്ഷിയിലെ ഒരംഗത്തിന് നേരെ ആക്രമണം ഉണ്ടായാല്‍ അതിനെ ഒരുമിച്ച് നേരിടുമെന്ന് ബൈഡന്‍ പറഞ്ഞു. നോര്‍ത്ത് അറ്റ്ലാന്‍റിക് ട്രീറ്റി ഓര്‍ഗനൈസേഷൻ (നാറ്റോ ) ഉടമ്പടി ശക്‌തവും അചഞ്ചലവുമാണെന്നും കരാര്‍ പാലിയ്ക്കാന്‍ അമേരിക്ക പ്രതിഞ്ജാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നാറ്റോ ആസ്ഥാനത്ത് സഖ്യകക്ഷികളുമായി കൂടിക്കാഴ്‌ച നടത്തിയ ശേഷമായിരുന്നു അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ പ്രതികരണം. കോണ്‍വാളില്‍ നടന്ന ജി7 ഉച്ചകോടിയ്ക്ക് ശേഷമാണ് ബൈഡന്‍ നാറ്റോ ഉച്ചകോടിയ്ക്കായി ബ്രസ്സല്‍സിലെത്തിയത്.