യെരെവാൻ: നാഗോര്‍ണോ - കാരോബാക്ക് മേഖലകളുടെ അവകാശത്തെച്ചൊല്ലി അസര്‍ബൈജാനുമായി നടന്ന യുദ്ധത്തില്‍ തങ്ങളുടെ 2317 സൈനികര്‍ക്ക് ജീവൻ നഷ്‌മായതായി അര്‍മേനിയ. അര്‍മേനിയൻ ആരോഗ്യവകുപ്പ് വക്താവ് അലീന നികോഗോസ്യാൻ ഫേസ്‌ബുക്ക് കുറിപ്പിലൂടെയാണ് വിവരം പുറത്തുവിട്ടത്. നേരത്തെ പുറത്തുവിട്ട കണക്കില്‍ നിന്നും ആയിരത്തോളം മരണങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് പുതിയ കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. രണ്ട് മാസത്തോളം നീണ്ട യുദ്ധം റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിര്‍ പുടിന്‍റെ നേതൃത്വത്തില്‍ നടന്ന സമാധാന ചര്‍ച്ചകള്‍ക്കൊടുവിലാണ് അവസാനിച്ചത്.
അതേസമയം മരിച്ച സൈനികരുടെ കണക്ക് അസര്‍ബൈജാൻ ഇതുവരെ പുറത്തുവിട്ടിട്ടില്ല. കാര്യമായ മനുഷ്യനാശം അവരുടെ ഭാഗത്തും ഉണ്ടായതായാണ് വിലയിരുത്തല്‍. ഇരുപക്ഷങ്ങളിലുമായി നാലായിരത്തോളം പേര്‍ കൊല്ലപ്പെടുകയും എണ്ണായിരത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിട്ടുണ്ടെന്ന് പുടിൻ പറഞ്ഞിരുന്നു. കൊലപ്പെട്ടവരില്‍ 143 പേര്‍ സാധാരണക്കാരാണ്. സാധാരണക്കാരുടെ വീടുകളും നിരവധി സാംസ്‌കാരിക, ചരിത്ര കേന്ദ്രങ്ങളും യുദ്ധത്തില്‍ തകര്‍ന്നിട്ടുണ്ടെന്നും റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിര്‍ പുടിൻ പറഞ്ഞു.