ന്യൂസിലൻഡിലെ രണ്ട് മുസ്ലീം പള്ളിയിലുണ്ടായ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 49 ആയി. 20ല്‍ അധികം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
അതേസമയം വെടിവയ്പ്പില്‍ ഒമ്പത് ഇന്ത്യൻ വംശജരെ കാണാതായതായി സൂചന. ന്യൂസിലൻഡിലെ ഇന്ത്യൻ സ്ഥാനപതി സഞ്ജീവ് കോഹ്ലിയാണ് ഇക്കാര്യം അറിയിച്ചത്. കാണാതായ ഇന്ത്യക്കാരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് ന്യൂസിലൻഡ് അധികൃതരുമായി ആശയവിനിമയം നടത്തിവരികയാണെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു. വൈകാരിക വിഷയമായതിനാല്‍ കൃത്യവും വിശ്വസനീയവുമായ വിവരം ലഭിക്കാതെ മരിച്ചവരുടെ പേരുവിവരങ്ങളും എണ്ണവും പുറത്തുവിടാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ വെടിവയ്പ്പില്‍ ഗുരുതരമായി പരിക്കേറ്റ ഹൈദരാബാദ് സ്വദേശിയായ താജ് മുഹമ്മദിനെ സന്ദര്‍ശിക്കാൻ വിസ അനുവദിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. ഇവരെ എത്രയും പെട്ടെന്ന് ന്യൂസിലൻഡിലെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചതായി ബന്ധുക്കൾ പറഞ്ഞു.
സൗത്ത് ഐലന്‍ഡിലെ ക്രൈസ്റ്റ്ചര്‍ച്ചിലുള്ള പള്ളികളിൽ ഇന്നലെയാണ് ആക്രമണമുണ്ടായത്. മധ്യ ക്രൈസ്റ്റ്ചർച്ചിലെ അൽനൂർ പള്ളിയിലാണ് ആദ്യം വെടിവയ്പ്പുണ്ടായത്. പിന്നീടാണ് ലിൻവുഡിലെ രണ്ടാമത്തെ പള്ളിയിൽ ആക്രമണം ഉണ്ടായത്. വെടിവയ്പ്പ് നടന്ന സമയത്ത് ഏതാണ്ട് 300ഓളം പേരാണ് പള്ളിയിലുണ്ടായിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു സ്ത്രീയും മൂന്ന് പുരുഷന്മാരുമടങ്ങുന്ന സംഘത്തെയാണ് കസ്റ്റഡിയില്‍ എടുത്തതെന്ന് ന്യൂസിലൻഡ് പൊലീസ് കമ്മീഷണര്‍ മൈക്ക് ബുഷ് പറഞ്ഞു.