കൊളംബോ: ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയിൽ ജയിൽചാട്ട ശ്രമത്തിനിടെയുണ്ടായ കലാപത്തിൽ എട്ട് തടവുകാർ കൊല്ലപ്പെട്ടു. അക്രമത്തിൽ 52 പേർക്ക് പരിക്കേറ്റു. കൊളംബോയിലെ മഹാറ ജയിലിൽ ഞായറാഴ്ചയാണ് സംഭവം. തടവുകാർ ബലം പ്രയോഗിച്ച് വാതിൽ തുറന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. ഇത് ചെറുക്കാൻ വേണ്ടി അധികൃതർക്ക് ബലം പ്രയോഗിക്കേണ്ടി വരികയായിരുന്നുവെന്ന് പോലീസ് വക്താവ് അജിത് റൊഹാന പറഞ്ഞു. കലാപകാരികൾ ജയിലിലെ അടുക്കളയും റെക്കോഡ് റൂമും അഗ്നിക്കിരയാക്കിയതായി ജയിൽ അധികൃതർ പറഞ്ഞു. പരിക്കേറ്റവരെ സമീപത്തെ രഗാമ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൊവിഡ് കേസുകൾ ദിനംപ്രതി വർധിക്കുന്നത് തടവുകാരുടെ എണ്ണം വളരെ കൂടുതലുള്ള ശ്രീലങ്കൻ ജയിലുകളിൽ ആശങ്ക സൃഷ്ടിച്ചിരുന്നു. മഹാറ ജയിലിൽ 175 ലധികം കേസുകൾ റിപോർട്ട് ചെയ്തതിനാൽ തങ്ങളെ മറ്റ് ജയിലുകളിലേക്ക് മാറ്റണമെന്ന് തടവുകാർ ആവശ്യപ്പെട്ടിരുന്നു.