ലണ്ടൻ: വടക്കുകിഴക്കൻ സ്‌കോട്ട്‌ലൻഡിൽ പാസഞ്ചർ ട്രെയിൻ പാളം തെറ്റി മൂന്ന് പേർ മരിച്ചു. ആറ് പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ ലോകോമോട്ടീവ് പൈലറ്റും ഉൾപ്പെട്ടിട്ടുണ്ടെന്ന് ബ്രിട്ടീഷ് ട്രാൻസ്‌പോർട്ട് പൊലീസ് പറഞ്ഞു. ട്രെയിൻ ടിക്കറ്ററും കൊല്ലപ്പെട്ടതായാണ് സൂചന. പരിക്കേറ്റ ആറ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. അതേസമയം, അബെർഡീനിൽ നിന്നും ഗ്ലാസ്‌ഗോയിലേക്കുള്ള സ്‌കോട്ട് റെയിൽ സർവീസായ ട്രെയിനിൽ എത്രപേർ ഉണ്ടെന്ന് വ്യക്തമല്ല.
പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. എയർ ആംബുലൻസുകളും കോസ്റ്റ് ഗാർഡ് ഹെലികോപ്റ്ററുകളും സംഭവസ്ഥലത്തുണ്ട്. ട്രയിൻ പാളം തെറ്റിയതിന്‍റെ കാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു.
സ്കോട്ട്ലൻഡിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കനത്ത മഴയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മഴയും തുടർന്നുണ്ടായ വെള്ളപ്പൊക്കവുമാണ് യാത്രാ തടസത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ അടിയന്തര പ്രതികരണ യോഗം വിളിക്കുമെന്ന് സ്കോട്ടിഷ് പ്രഥമ മന്ത്രി നിക്കോള സ്റ്റർജിയൻ പറഞ്ഞു. പ്രദേശത്ത് കൂടി ഒഴുകുന്ന പ്രധാന നദിയായ കാരോൺ നദി കരകൾ കവിഞ്ഞു. കനത്ത മഴ സ്റ്റോൺഹേവന്‍റെ മധ്യഭാഗത്തും വെള്ളപ്പൊക്കത്തിന് കാരണമായി.
സംഭവത്തിൽ എലിസബത്ത് രാജ്ഞി അനുശോചന സന്ദേശം അയച്ചു. ട്രെയിൻ പാളം തെറ്റിയതിനെക്കുറിച്ച് കേട്ടത് വളരെ സങ്കടത്തോടെയാണെന്നും അവർ പറഞ്ഞു. ദുരിതബാധിതരുടെ കുടുംബങ്ങളോടൊപ്പം രാജ്യം മുഴുവൻ ചേർന്നുവെന്നും അവർ കൂട്ടിച്ചേർത്തു. ഗുരുതരമായ ട്രെയിൻ അപകടങ്ങൾ യുകെയിൽ അപൂർവമാണ്. രാജ്യത്തെ അവസാന വലിയ ട്രയിൻ അപകടം 2007ലാണ്.