മനുഷ്യരുടെ ആസക്തികള്‍ വ്യത്യസ്തമാണ്. എന്നാല്‍ മാതൃത്വത്തോട് അമിത ആസക്തിയെന്ന് കേട്ടിട്ടുണ്ടോ ? അങ്ങനെയൊരു യുവതിയുണ്ട് അങ്ങ് റഷ്യയില്‍.
മാതൃത്വം ലഹരിയാക്കിയ 23കാരി
പറഞ്ഞുവരുന്നത് 23കാരിയായ ക്രിസ്‌റ്റീന ഓസ്‌ടർക് എന്ന റഷ്യൻ സ്വദേശിനിയെ കുറിച്ചാണ്. ക്രിസ്‌റ്റീനയ്‌ക്കും 56കാരനായ ഭർത്താവ് ഗാലിപ് ഓസ്‌ടർകിനും വീടുനിറയെ കുട്ടികൾ വേണമെന്ന ആഗ്രഹമാണ്.
അതും പത്തും പതിനഞ്ചുമൊന്നുമല്ല, കൃത്യമായി പറഞ്ഞാൽ 105 മക്കൾ വേണമെന്നാണ് ഇരുവരുടെയും ആഗ്രഹം. സ്വാഭാവികമായും ഇത്രയധികം കുട്ടികളെ ജനിപ്പിക്കുക അസാധ്യമായതിനാൽ സറോഗസി അഥവ വാടക ഗർഭധാരണമാണ് ഇതിനായി ഇവർ തെരഞ്ഞെടുത്തിരിക്കുന്നത്.
ഇതിനോടകം തന്നെ പത്ത് മാസത്തിൽ പത്ത് കുഞ്ഞുങ്ങളെ വാടക ഗർഭധാരണത്തിലൂടെ ജനിപ്പിച്ചുകഴിഞ്ഞു. 11 കുട്ടികളിൽ മൂത്ത മകൾ മാത്രമാണ് സ്വാഭാവിക രീതിയിൽ ജനിച്ചത്.
ലക്ഷ്യം 105 മക്കൾ
എന്നാൽ മാതൃത്വത്തോട് അഗാധമായ ലഹരിയുള്ള ക്രിസ്‌റ്റീന 11 കുട്ടികളിലൊന്നും അവസാനിപ്പിക്കില്ല. കുറഞ്ഞത് 105 മക്കളെങ്കിലും വേണമെന്ന് ദമ്പതികൾ പറയുന്നു. കുട്ടികളെ വളർത്തുന്നതിനും പരിചരിക്കുന്നതിനും വളരെ ഇഷ്‌ടപ്പെടുന്നതിനാലാണ് തങ്ങൾ ഇത്തരമൊരു തീരുമാനത്തിലേക്കെത്തിയതെന്നാണ് ക്രിസ്‌റ്റീന പറയുന്നത്.
കുഞ്ഞുങ്ങൾക്കായി കർശന ദിനചര്യകളും
അതേസമയം കുഞ്ഞുങ്ങൾക്കായി കർശനമായ ദിനചര്യയും ഈ കോടീശ്വര ദമ്പതികൾ തയാറാക്കിയിട്ടുണ്ട്. ദിവസവും രാത്രി എട്ട് മുതൽ രാവിലെ ആറ് വരെയെങ്കിലും തന്‍റെ കുഞ്ഞുങ്ങൾ ഉറങ്ങുമെന്നാണ് ക്രിസ്‌റ്റീന പറയുന്നത്.
കൂടാതെ കുഞ്ഞുങ്ങളുടെ കാര്യങ്ങൾ ശ്രദ്ധിക്കാൻ പ്രത്യേക പരിചാരകരെയും നിയോഗിച്ചിട്ടുണ്ട്. ഇവർ കുട്ടികളുടെ എല്ലാ വിവരങ്ങളും ഡയറിക്കുറിപ്പുകളിൽ രേഖപ്പെടുത്തും. ഇത് ദമ്പതികൾ കർശനമായി നിരീക്ഷിക്കുകയും ചെയ്യുന്നു.
ALSO READ: ഹണിട്രാപില്‍ വീഴാതെ മറുകെണിയൊരുക്കി ഇടിവി ഭാരത് സംഘം; ഞെട്ടിക്കുന്ന തെളിവുകൾ പുറത്തുവിടുന്നു
ഇവരുടെ ഏറ്റവും ഒടുവിലത്തെ കുഞ്ഞ് 2021 ജനുവരി 16നാണ് ജനിച്ചത്. അവസാനമായി എത്തിയ അതിഥികൾ അൽപം കൂടി മുതിർന്ന ശേഷമേ ഇനി കുഞ്ഞുങ്ങൾക്കായി ശ്രമിക്കൂ എന്നും ഇരുവരും തീരുമാനിച്ചിട്ടുണ്ട്.