മർഫ: യുക്രൈനിന്‍റെ വടക്കുകിഴക്കൻ നഗരമായ ഖാർകിവിന് സമീപമുള്ള മർഫയിൽ വ്യാഴാഴ്‌ച പുലർച്ചെയുണ്ടായ ബോംബാക്രമണത്തിൽ 21 മരണം. മർഫയിലെ ഒരു സ്‌കൂളിലും കമ്മ്യൂണിറ്റി സെന്‍ററിലുമാണ് ആക്രമണം നടന്നത്. ഇതിനിടെ തന്ത്രപ്രധാന തുറമുഖ നഗരമായ മരിയുപോളിൽ കഴിഞ്ഞ ദിവസം നടന്ന വ്യോമാക്രമണത്തിൽ ഡസൻ കണക്കിന് സാധാരണക്കാർ കൊല്ലപ്പെട്ടതായാണ് വിവരം.
വ്യേമാക്രമണത്തിൽ തകർന്ന ഒരു തിയേറ്ററിനുള്ളിൽ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കുന്നതിനുള്ള രക്ഷാപ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. നൂറിലധികം ആളുകൾ തകർന്ന തിയേറ്ററിനുള്ളിൽ കഴിഞ്ഞിരുന്നതായാണ് വിവരം. എന്നാൽ ഇതുവരെ അവിടെ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല.
ALSO READ: റഷ്യ- യുക്രൈൻ സംഘർഷം; അന്താരാഷ്ട്ര കോടതിയിൽ റഷ്യക്കെതിരെ വോട്ട് ചെയ്‌ത് ഇന്ത്യൻ ജഡ്‌ജി
'വ്യോമാക്രമണങ്ങളെ ചെറുക്കാൻ രൂപകൽപ്പന ചെയ്ത താരതമ്യേന ആധുനിക രീതിയിലുള്ള ബേസ്‌മെന്‍റ് ബോംബ് ഷെൽട്ടർ തിയേറ്ററിനുള്ളിലുണ്ട്. എന്നാൽ അവിടെ കഴിഞ്ഞിരുന്നവരിൽ എത്ര പേർ ഇപ്പോൾ ജീവനോടെയുണ്ടെന്നതിൽ വ്യക്‌തമായ ധാരണയില്ല. തിയേറ്ററിന് കീഴിലുള്ള അഭയകേന്ദ്രത്തിൽ താമസിച്ചിരുന്നവർക്ക് അതിജീവിക്കാൻ കഴിയുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.' യുക്രൈനിലെ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.