ന്യൂയോര്‍ക്ക് : യുക്രൈനില്‍ റഷ്യ അധിനിവേശം തുടങ്ങിയതുമുതല്‍ ആരോഗ്യ കേന്ദ്രങ്ങള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കുമെതിരെ ഉണ്ടായ 18 ആക്രമണങ്ങള്‍ സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന. 81 മെട്രിക് ടണ്‍ ആരോഗ്യ സാമഗ്രികള്‍ യുക്രൈനില്‍ ലോകാരോഗ്യ സംഘടന വിതരണം ചെയ്‌തെന്ന് ഡയറക്‌ടര്‍ ജനറല്‍ ടെഡ്രോസ് അദാനം ഗെബ്രിയോസിസ് വ്യക്തമാക്കി. കൂടുതല്‍ സഹായങ്ങള്‍ എത്തിക്കാനുള്ള വിതരണ ശൃംഖല രൂപീകരിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വിവിധ ആരോഗ്യപ്രശ്നങ്ങളുള്ള 45,000ത്തോളം ആളുകളെ ചികിത്സിക്കാനുള്ള ആരോഗ്യ സാമഗ്രികളാണ് ലോകാരോഗ്യ സംഘടന യുക്രൈനില്‍ എത്തിച്ചതെന്ന് ടെഡ്രോസ് അദാനം ഗെബ്രിയോസിസ് പറഞ്ഞു. അതേസമയം ആരോഗ്യ സാമഗ്രികള്‍ എത്തിച്ചതുകൊണ്ട് മാത്രം യുദ്ധം യുക്രൈനില്‍ സൃഷ്ടിച്ച ആരോഗ്യ പ്രത്യാഘാതങ്ങള്‍ ആവശ്യമായ രീതിയില്‍ ലഘൂകരിക്കപ്പെടില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ അടിയന്തര വിഭാഗം തലവന്‍ ഡോ. മൈക്കിള്‍ റയന്‍ പറഞ്ഞു. ഹൈപ്പോതെര്‍മിയ(ശരീര ഊഷ്‌മാവ് അപകടകരമായി താഴുന്ന അവസ്ഥ), ഫ്രോസ്റ്റ്ബൈറ്റ്(ശീതാധിക്യത്താലുണ്ടാകുന്ന ശരീരവീക്കം), ശ്വാസകോശ രോഗങ്ങള്‍ , ഹൃദ്രോഗങ്ങള്‍, അര്‍ബുദം, മാനസികാരോഗ്യ പ്രശ്നങ്ങള്‍ എന്നിവയാണ് യുക്രൈനില്‍ നേരിടുന്ന പ്രധാന ആരോഗ്യവെല്ലുവിളികള്‍ എന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
ALSO READ: വൈദ്യുതി വിഛേദിക്കപ്പെട്ടു; ചെർണോബിൽ ആണവ നിലയവുമായുള്ള ബന്ധം നഷ്‌ടപ്പെട്ടതായി ഐഎഇഎ
യുക്രൈനില്‍ നിന്നുള്ള അഭയാര്‍ഥികള്‍ക്ക് മാനസികാരോഗ്യ ചികിത്സകള്‍ ലോകാരോഗ്യ സംഘടന നല്‍കിവരുന്നുണ്ടെന്നും ടെഡ്രോസ് അദാനം ഗെബ്രിയോസിസ് പറഞ്ഞു. സമാധാനപരമായ പ്രശ്ന പരിഹാരത്തിന് റഷ്യ ശ്രമിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.