ക്വലാലംപൂര്‍ : വിവാദ ഇസ്ലാം മത പ്രഭാഷകന്‍ സാക്കിര്‍ നായിക്കിന് മലേഷ്യന്‍ സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി. രാജ്യത്തെവിടെയും ഇനി മതപ്രഭാഷണം നടത്താന്‍ സാക്കിര്‍ നായിക്കിന് അനുവാദമില്ല. ദേശീയ സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.
ആഗസ്ത് മൂന്നാം തിയതി മലേഷ്യയിലെ കോട്ട ബാരുവില്‍ നടത്തിയ പ്രഭാഷണത്തിനിടെയാണ് ഹിന്ദുക്കള്‍ക്കും ചൈനീസ് വംശജര്‍ക്കുമെതിരെ സാക്കിര്‍ നായിക്ക് വംശീയ പരാമര്‍ശം നടത്തിയത്. പഴയ അതിഥികളായ മലേഷ്യയിലെ ചൈനീസ് വംശജര്‍ ഉടന്‍ രാജ്യം വിടണമെന്നും ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്കുള്ളതിനേക്കാള്‍ നൂറിരട്ടി അവകാശങ്ങളാണ് മലേഷ്യയിലെ ഹിന്ദുക്കള്‍ക്കുള്ളതെന്നായിരുന്നു നായിക്കിന്‍റെ വിവാദ പരാമര്‍ശം.
നേരത്തെ മലേഷ്യയിലെ ഏഴ് സംസ്ഥാനങ്ങളില്‍ നായിക്കിന് പ്രഭാഷണം നടത്താന്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതാദ്യമായാണ് രാജ്യത്തുടനീളം വിലക്കേര്‍പ്പെടുത്തുന്നത്. സംഭവത്തില്‍ നായിക്കിനെ വീണ്ടും ചോദ്യം ചെയ്യാനാണ് മലേഷ്യന്‍ സര്‍ക്കാരിന്‍റെ തീരുമാനം. വെള്ളിയാഴ്ച നായിക്കിന്‍റെ മൊഴി എടുത്തിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍, വര്‍ഗീയ വിദ്വേഷം വളര്‍ത്തല്‍ തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ് നായിക്ക്. ഇത്തരം വകുപ്പുകള്‍ ചേര്‍ത്ത് നായിക്കിനെതിരെ ഇന്ത്യയില്‍ കേസെടുത്തതോടെയാണ് മലേഷ്യയിലേക്ക് കടന്നത്. അതേസമയം, താന്‍ മതവിദ്വേഷം ഉണര്‍ത്തുന്ന രീതിയിലുള്ള പ്രഭാഷണങ്ങള്‍ ഒന്നും നടത്തിയിട്ടില്ലെന്നും ഖുറാന്‍ അനുസരിച്ചുള്ള വിശദീകരണങ്ങള്‍ മാത്രമാണ് നടത്തിയതെന്നുമാണ് നായിക്കിന്‍റെ വിശദീകരണം.