ബീജിങ്: ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷങ്ങൾ തുടരുന്നതിനിടെ അമേരിക്കൻ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന് അഭിനന്ദന സന്ദേശം അയച്ച് ചൈനീസ് പ്രസിഡന്‍റ് ഷി ജിൻ പിംഗ്. യുഎസ് വൈസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട കമല ഹാരിസിന് അതേ ദിവസം തന്നെ ചൈനീസ് വൈസ് പ്രസിഡന്‍റ് വാങ് കിഷനും അഭിനന്ദന സന്ദേശം അയച്ചു. ഈ മാസം ആദ്യം, ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവും ബൈഡനേയും ഹാരിസിനേയും പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ വിജയിച്ചതിന് അഭിനന്ദിച്ചിരുന്നു.
ചൈന-യുഎസ് ബന്ധത്തിന്‍റെ ആരോഗ്യകരവും സുസ്ഥിരവുമായ വികസനം മുന്നോട്ട് കൊണ്ടുപോകാനും സങ്കർഷങ്ങൾ ഒഴിവാക്കാനും ഇരുപക്ഷവും സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായാണ് ഷി ജിൻ പിംഗ് ട്വിറ്ററിൽ കുറിച്ചത്. ഹോങ്കോങ്ങിൽ ദേശീയ സുരക്ഷാ നിയമം നടപ്പാക്കാനുള്ള ചൈനയുടെ നീക്കം, സിൻജിയാങ്ങിലെ മനുഷ്യാവകാശ ലംഘനം, ദക്ഷിണ ചൈനാക്കടലിലെ പ്രാദേശിക ആക്രമണം എന്നിവയിൽ ചൈനയെ അമേരിക്ക കടുത്ത രീതിയിൽ വിമർശിച്ചിരുന്നു.