ജനീവ: ചൈനീസ് കൊവിഡ് വാക്സിനായ സിനോഫാമിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം. ബെയ്ജിങ് ബയോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കൽ പ്രൊഡക്ട്സ് കോ ലിമിറ്റഡ് ആണ് ഇതിന്‍റെ നിർമ്മാതാക്കൾ. ഈ വാക്സിൻ ആരോഗ്യ പ്രവർത്തകരെയും ജനങ്ങളെയും സംരക്ഷിക്കുന്നതാണെന്നും ഇത് മറ്റ് രാജ്യങ്ങളിൽ ലഭ്യമാക്കുമെന്നും ലോകാരോഗ്യ സംഘടനയുടെ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ഡോ. മരിയംഗേല സിമാവോ പ്രസ്താവനയിൽ പറഞ്ഞു.
കൊവാക്സ് സംവിധാനത്തിൽ പങ്കാളികളാകാനും തുല്യമായ വാക്സിന്‍ വിതരണം നടത്തണമെന്നും മരിയംഗേല സിമാവോ കൂട്ടിച്ചേർത്തു. സിനോഫാം വാക്സിനെതിരെ വർദ്ധിച്ചുവരുന്ന വിമർശനങ്ങൾക്കിടയിലാണ് ലോകാരോഗ്യ സംഘടനയുടെ ഈ നടപടി.18 വയസിന് മുകളിലുള്ളവർക്ക് മൂന്ന് മുതൽ നാല് ആഴ്ച വരെ ഇടവേളയുള്ള രണ്ട് ഡോസ് ഷെഡ്യൂളായാണ് വാക്സിന്‍ ഉപയാഗത്തിന് ലോകാരോഗ്യ സംഘടന ശുപാർശ ചെയ്തിരിക്കുന്നത്.
വാക്‌സിനായി ഉയർന്ന പ്രായപരിധി ശുപാർശ ചെയ്തിട്ടില്ല. വാക്‌സിൻ പ്രായമായവരെ സംരക്ഷിക്കുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ലോകമെമ്പാടുമുള്ള വാക്‌സിൻ വിദഗ്ധർ സിനോഫാർമിനെതിരെ ശക്തമായി രംഗത്ത് വന്നിരുന്നു. ഏറ്റവും സുരക്ഷിതമല്ലാത്ത വാക്സിനെന്നാണ് ഷാങ്ഹായിലെ ഡോക്‌ടറായ താവോ ലിന പറഞ്ഞത്.
ഈ വർഷം ഫെബ്രുവരിയിൽ ഈജിപ്ഷ്യൻ ആരോഗ്യമന്ത്രാലയം സിനോഫാം വാക്സിൻ ഉപയോഗം ചൊറിച്ചിൽ, ശരീര താപനിലയിലെ വർദ്ധനവ് എന്നിവ റിപ്പോർട്ട് ചെയ്തിരുന്നു.പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍, പ്രസിഡന്‍റ് ആരിഫ് അൽവി എന്നിവർക്ക് സിനോഫാം വാക്സിന്‍ ഉപയോഗത്തിന് ശേഷം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. വാക്സിൻ ഉപയോഗത്തിന് ശേഷം പെറുവിലെ സന്നദ്ധപ്രവർത്തകരിൽ ഒരാൾക്കും മരണം സംഭവിച്ചിരുന്നു.നാഡികളുടെ തകരാറിനും പലപ്പോഴും പക്ഷാഘാതത്തിനും കാരണമാകുന്ന ഗുയിലെയ്ൻ-ബാരെ സിൻഡ്രോമുമായി ബന്ധപ്പെട്ട ഗുരുതരമായ ന്യൂറോളജിക്കൽ പാർശ്വഫലങ്ങൾക്കും ഇടയാക്കുമെന്ന് പഠനം വ്യക്തമാക്കുന്നു.