ഹനോയി: വിയറ്റ്‌നാമിൽ 21 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തു. ഇതോടെ രാജ്യത്ത് റിപ്പോർട്ട് ചെയ്‌ത കൊവിഡ് കേസുകളുടെ എണ്ണം 810 ആയതായി കൊവിഡ് 19 പ്രതിരോധത്തിനും നിയന്ത്രണത്തിനുമുള്ള ദേശീയ സ്‌റ്റിയറിംഗ് കമ്മിറ്റി അറിയിച്ചു. പുതിയ രോഗികളിൽ 15 പേർ ക്വാങ് നാമിൽ നിന്നും രണ്ട് പേർ ബാക് ഗിയാങ്ങിൽ നിന്നും രണ്ട് പേർ ക്വാങ് നാം നിന്നും ഒരാൾ ഖാൻ ഹോവയിൽ നിന്നും ഉള്ളവരാണ്. രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്ത് നിന്ന് വന്നതാണ്. വിയറ്റ്‌നാമിൽ ഇതുവരെ റിപ്പോർട്ട് ചെയ്‌ത കേസുകളിൽ 317 പേരും വിദേശ രാജ്യങ്ങളിൽ നിന്ന് എത്തിയവരാണ്.
രാജ്യത്ത് 1,66,521 പേരാണ് ക്വാറന്‍റൈനിൽ കഴിയുന്നത്. ഇതിൽ രോഗികളുമായി അടുത്ത സമ്പർക്കത്തിൽ ഉള്ളവരും കൊവിഡ് ബാധിത പ്രദേശത്ത് നിന്ന് വന്നവരും ഉൾപ്പെടുന്നു. 6,929 പേർ ആശുപത്രികളിൽ, 24,446 പേർ ക്വാറന്‍റൈൻ കേന്ദ്രങ്ങളിൽ, 135,146 പേർ വീടുകളില്‍ എന്നിങ്ങനെയാണ് നിരീക്ഷണത്തിൽ കഴിയുന്നത്. രോഗം ബാധിച്ചവരിൽ 48.8 ശതമാനം പേരും പൂർണമായി സുഖം പ്രാപിച്ചു. രാജ്യത്ത് ഇതുവരെ 10 കൊവിഡ് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.