അമാൻ: മിഡിൽ ഈസ്റ്റിലും വടക്കേ ആഫ്രിക്കയിലും കൊവിഡിനെതിരെയുള്ള പോരാട്ടത്തിനായി 92.4 മില്യൺ ഡോളർ അധികമായി ആവശ്യപ്പെട്ട് യുഎൻ ചിൽഡ്രൻസ് ഏജൻസി. യെമൻ ഒരു പ്രധാന ആശങ്കയാണെന്ന് യുഎൻ ചിൽഡ്രൻസ് ഏജൻസിയുടെ റീജിയണൽ ചീഫ് ടെഡ് ചൈബാൻ പറഞ്ഞു. അഞ്ചുവർഷത്തെ ആഭ്യന്തരയുദ്ധത്തിനുശേഷം യെമനിലെ പകുതി ആരോഗ്യ കേന്ദ്രങ്ങളും പ്രവർത്തിക്കുന്നില്ലെന്നും കടുത്ത പോഷകാഹാരക്കുറവ് അനുഭവിക്കുന്ന 4,00,000 പേർ ഉൾപ്പെടെ രണ്ട് ദശലക്ഷം കുട്ടികൾ പോഷകാഹാരക്കുറവുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു.
യമനിൽ ഇതുവരെ ഒരു കൊവിഡ് കേസുമാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. എന്നിരുന്നാലും ഇറാനടക്കമുള്ള പ്രദേശത്ത് 2,18,000 കേസുകളും 8000 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ യമനിൽ കൊവിഡ് പരിശോധനകൾ കുറവാണെന്നും അണുബാധ തിരിച്ചറിയാതെ കൂടുതൽ പേരിലേക്ക് രോഗം പകരുമെന്ന ആശങ്കയുണ്ടെന്നും ചൈബാൻ പറഞ്ഞു. രോഗം തടയാനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അഭയാർഥിക്യാമ്പുകളിൽ സാമൂഹിക അകലം, ശുചിത്വം എന്നിവയെക്കുറിച്ചുള്ള ബോധവൽക്കരണ പരിപാടികളും യുഎൻ ചിൽഡ്രൻസ് ഏജൻസി നടത്തുന്നുണ്ട്.