കാബൂൾ: അഫ്‌ഗാനിസ്ഥാനിലെ 800 കുടുംബങ്ങള്‍ക്ക് യുണൈറ്റഡ് നേഷൻസ് ചിൽഡ്രൻസ് ഫണ്ട് (യുനിസെഫ്) അതിജീവന കിറ്റ് വിതരണം ചെയ്‌തു. ഭക്ഷണം, മെഡിക്കൽ സപ്ലൈസ്, ശീതകാല അവശ്യ വസ്‌തുക്കള്‍ എന്നിവ അടങ്ങിയ കിറ്റാണ് വിതരണം ചെയ്‌തത്. അഫ്‌ഗാനിസ്ഥാൻ ദേശീയ ദുരന്ത നിവാരണ സേന (എഎന്‍ഡിഎംഎ) ആണ് കിറ്റ് കൈമാറിയത്. അഫ്‌ഗാനിസ്ഥാനിലേക്കുള്ള മാനുഷിക സഹായം വർധിപ്പിക്കണമെന്ന് എഎന്‍ഡിഎംഎ മേധാവി മൗലവി മുഹമ്മദ് അബാസ് അഖുന്ദ് അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു.
അഫ്‌ഗാനിസ്ഥാനിലെ സാമ്പത്തിക പ്രതിസന്ധിയില്‍ ആശങ്കയുണ്ടെന്നും രാജ്യത്തെ പോഷകാഹാരക്കുറവുള്ള കുട്ടികൾക്ക് ഉള്‍പ്പെടെ കൂടുതല്‍ സഹായമെത്തിക്കാന്‍ ശ്രമിക്കുകയാണെന്നും യുനിസെഫ് അധികൃതര്‍ പറഞ്ഞു. 'അഫ്‌ഗാനിസ്ഥാനിലെ നിലവിലെ പ്രതിസന്ധിയില്‍ ആശങ്കയുണ്ട്. കഴിഞ്ഞ എഴുപത് വർഷമായി യൂനിസെഫ് ഇവിടെയുണ്ട്. കൂടുതൽ ശൈത്യകാല കിറ്റുകൾ വിതരണം ചെയ്യുകയാണ്. പോഷകാഹാരക്കുറവുള്ള കുട്ടികള്‍ക്ക് യൂനിസെഫ് സഹായമെത്തിക്കുന്നുണ്ട്,' കാബൂൾ ആസ്ഥാനമായുള്ള യുനിസെഫ് അഫ്‌ഗാനിസ്ഥാന്‍റെ കമ്മ്യൂണിക്കേഷൻ, അഡ്വക്കസി, സിവിക് എൻഗേജ്‌മെന്‍റ് മേധാവി സാം മോർട്ട് പറഞ്ഞു.
അഫ്‌ഗാനിസ്ഥാനിലെ നിലവിലെ സാമ്പത്തിക പ്രതിസന്ധി മൂലം ജനസംഖ്യയുടെ പകുതിയും പട്ടിണിയിലാണെന്ന് യുഎൻ കഴിഞ്ഞ ആഴ്‌ച പ്രസ്‌താവിച്ചിരുന്നു. അഫ്‌ഗാനിസ്ഥാനിലേക്ക് 4.4 ബില്യൺ യുഎസ് ഡോളർ സഹായവും ഐക്യരാഷ്‌ട്ര സഭ ആവശ്യപ്പെട്ടിരുന്നു.
Also read: മാധ്യമ സ്വാതന്ത്ര്യത്തിലും താലിബാൻ; അനുകൂലമായി മാത്രം വാർത്ത നൽകാൻ ഭീഷണി