കൊളംബോ : ചരക്ക് കപ്പലിന് തീപിടിച്ച് രാസവസ്‌തുക്കൾ പുറന്തള്ളിയതിലൂടെ കനത്ത നാശനഷ്‌ടങ്ങൾ ഉണ്ടായതായി ശ്രീലങ്കയിലെ യുഎൻ പ്രതിനിധി ഹാന സിംഗർ-ഹാമ്‌ഡി. പരിസ്ഥിതിയെ ഇത് സാരമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സിംഗപ്പൂരില്‍ രജിസ്റ്റർ ചെയ്ത എംവി എക്സ്-പ്രസ് പേൾ എന്ന ചരക്ക് കപ്പലാണ് തീ പിടിച്ച് ഒരു മാസത്തിന് ശേഷം വ്യാഴാഴ്‌ച മുങ്ങിയത്. ഇത്തരം അപകടങ്ങൾ ആവാസവ്യവസ്ഥയെ അപകടത്തിലേക്ക് തള്ളി വിടുമെന്നും ഭൂമിക്ക് കനത്ത നഷ്‌ടങ്ങൾ ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത് തീരപ്രദേശങ്ങളിലെ ജനങ്ങളുടെ ജീവിതത്തെയും ഉപജീവനത്തെയും ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: കൊളംബോ തീരത്ത് തീപിടിച്ച കപ്പല്‍ കരയിലേക്ക് എത്തിക്കാന്‍ ശ്രമിക്കുന്നതിനിടെ മുങ്ങി
യൂറോപ്യൻ യൂണിയൻ ഒരു വിദഗ്‌ധ സംഘത്തെ ശ്രീലങ്കയിലേക്ക് അയച്ചിട്ടുണ്ട്. നഷ്‌ട പരിഹാരത്തിനായി ശ്രീലങ്ക 40 മില്യൺ ഡോളർ ഇടക്കാല ക്ലെയിം എക്‌സ്-പ്രസ് ഫീഡറുകൾക്ക് സമർപ്പിച്ചു. മെയ് 20 ന് ചരക്ക് സാധങ്ങള്‍ വച്ചിരുന്ന സ്ഥലങ്ങളില്‍ നിന്ന് പുക ഉയർന്നിരുന്നു. തുറമുഖത്തിന് 9.5 നോട്ടിക്കൽ മൈൽ അകലെ കപ്പല്‍ നങ്കൂരമിടുന്നതിനായി ഒരുങ്ങുമ്പോഴാണ് തീപിടിത്തമുണ്ടായത്.
അപകടത്തിന് കാരണമായി രാസവസ്‌തുക്കൾ
ആകെയുണ്ടായിരുന്ന 1486 കണ്ടെയ്നറുകളില്‍ 25 ടൺ നൈട്രിക് ആസിഡ്, രാസവസ്തുക്കൾ, സൗന്ദര്യവർധക വസ്തുക്കൾ എന്നിവയാണ് ഉണ്ടായിരുന്നത്. 25 ടൺ നൈട്രിക് ആസിഡും മറ്റ് രാസവസ്‌തുക്കളും അടങ്ങിയ ചരക്കാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് ശ്രീലങ്കൻ നാവികസേന പറയുന്നത്.
300 ടൺ ബങ്കർ ഓയിൽ ആണ് കപ്പലിന് ഇന്ധനമായി ഉപയോഗിക്കുന്നതെന്നും ഇത് കത്തി പോയി കാണുമെന്നുമാണ് അധികൃതർ പറയുന്നത്. എന്നാൽ ഇതുവരെ എണ്ണച്ചോർച്ചയുടെ ലക്ഷണമൊന്നും കാണുന്നില്ലെന്നും ശ്രീലങ്കൻ അധികൃതരും കപ്പലിന്‍റെ ഓപ്പറേറ്റർമാരുമായ എക്‌സ്-പ്രസ് ഫീഡറുകളും അറിയിച്ചു.